ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ മുംബൈയിലെത്തിച്ചു. എയർ ആംബുലൻസിലാണ് നടിയെ മുംബൈയിലെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഉടൻ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കുമെന്നാണ് വിവരം.

സിനിമാ ചിത്രീകരണത്തിനായാണ് നുസ്രത്ത് ഭറൂച്ച ബാലിയിലെത്തിയത്. ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ അവധിക്കാലം ചെലവഴിക്കുന്നതിനായി താരം ബാലിയിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നുസ്രത്തിനെ ബാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷമാണ് വിദഗ്ധ ചികിത്സയ്‌ക്കായി എയർ ആംബുലൻസിൽ മുംബൈയിലേക്ക് കൊണ്ടുവന്നത്.

മുംബൈ വിമാനത്താവളത്തിലെത്തിയ നടിയെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. അതേസമയം, ബാലിയിൽ വെച്ച് എങ്ങനെയാണ് അപകടമുണ്ടായതെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share