കോഴിക്കോട്: വീട്ടിലെ കറന്റ് ബിൽ കുറയ്‌ക്കാനായി സോളർ സ്ഥാപിക്കാനിറങ്ങിയതായിരുന്നു പേരാമ്പ്ര സ്വദേശി ബഷീർ ചിത്രകൂടം. എന്നാൽ സോളർ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾക്കിടെ വീട്ടുമുറ്റത്ത് കുഴിയെടുത്തപ്പോൾ ബഷീറും കുടുംബവും കണ്ടത് വർഷങ്ങളായി തിരഞ്ഞുനടന്ന ഒരു സ്വർണമാല. നാല് വർഷം മുൻപ് നഷ്ടപ്പെട്ട ഭാര്യ ഫാത്തിമയുടെ ഒരു പവൻ മാലയാണ് അപ്രതീക്ഷിതമായി മണ്ണിനടിയിൽ നിന്ന് തിരിച്ചുകിട്ടിയത്.
എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശിയായ ബഷീറിന്റെ ഭാര്യ ഫാത്തിമയുടെ മാലയാണ് 4 വർഷം മുൻപ് വീട്ടിൽവച്ച് കാണാതായത്. വീടും പരിസരവും അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒടുവിൽ മാല നഷ്ടപ്പെട്ടതായി കരുതി കുടുംബം അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെയാണ് വീട്ടിൽ സോളർ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എർത്ത് സ്ഥാപിക്കാൻ വീടിനോട് ചേർന്ന് ആദ്യം കുഴിയെടുത്തു. എന്നാൽ കെഎസ്ഇബി അധികൃതർ നടത്തിയ പരിശോധനയിൽ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി. എർത്ത് മറ്റൊരു ഭാഗത്ത് സ്ഥാപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഇതോടെ വീടിന്റെ മുറ്റത്ത് പുതിയ സ്ഥലത്ത് കുഴിയെടുക്കേണ്ടിവന്നു. കുഴിയെടുക്കുന്നതിനായി മുറ്റത്ത് പാകിയിരുന്ന കടപ്പ കല്ലുകൾ മാറ്റി. മണ്ണ് നീക്കി ഏകദേശം ഒന്നരയടി താഴെയെത്തിയപ്പോഴാണ് സ്വർണമാല കണ്ടെത്തിയത്. എർത്ത് സ്ഥാപിക്കുന്ന ജോലിക്കെത്തിയ കായണ്ണ സ്വദേശി സുബീഷാണ് മാല കണ്ടെടുത്തത്. ഉടൻ തന്നെ സ്വർണമാല ബഷീറിനെ ഏൽപിച്ചു.
നാല് വർഷം മുൻപ് കാണാതായ മാല തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ബഷീറിനും കുടുംബത്തിനും സന്തോഷമായി. കറന്റ് ബിൽ കുറയ്‌ക്കാനായി തുടങ്ങിയ സോളർ ജോലിക്കിടെ, വർഷങ്ങളായി നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണമാല കൂടി തിരിച്ചുകിട്ടുകയായിരുന്നു.