പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

Published by
ജനം വെബ്‌ഡെസ്ക്

ഡൽഹി: നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ.  പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ ചാർജ് ഡി അഫയേഴ്സിനെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പഞ്ചാബിലെ തരൺതാരൻ ജില്ലയിൽ അന്താരാഷ്‌ട്ര അതിർത്തി കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവെച്ചുകൊന്ന സംഭവത്തിൽ പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞു.

ഒക്ടോബർ രണ്ടിനായിരുന്നു സംഭവം. പാകിസ്ഥാനിൽ നിന്ന് മൂന്ന് പേർ ഇന്ത്യൻ  അതിർത്തി കടക്കാൻ ശ്രമിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ബിഎസ്എഫ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇവർ അതിർത്തി വേലി കടക്കാനുള്ള ശ്രമം തുടർന്നതോടെയാണ് സൈനികർക്ക് വെടിയുതിർക്കേണ്ടി വന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. മൂന്ന് പേരിൽ ഒരാൾ പാകിസ്ഥാൻ ഭാഗത്തേക്ക് തിരിച്ചോടി രക്ഷപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നുഴഞ്ഞുകയറ്റക്കാരെ പ്രകോപനമില്ലാതെ വെടിവെച്ചുകൊന്നുവെന്ന പാകിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സംഭവത്തിന് പിന്നിൽ മയക്കുമരുന്ന് കടത്ത് നടത്തുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘങ്ങളുടെ ഇടപെടലുണ്ടോയെന്നും ഇന്ത്യ പരിശോധിക്കുന്നുണ്ട്.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കള്ളക്കടത്തും സംബന്ധിച്ച് പാകിസ്ഥാൻ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളിൽ പാകിസ്ഥാൻ അതിർത്തി സുരക്ഷാ സേനയിലെ ചിലർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്ര അതിർത്തിയുടെ പവിത്രത മാനിക്കണമെന്നും ഉഭയകക്ഷി ധാരണകൾ കർശനമായി പാലിക്കണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. സ്വന്തം ഭാഗത്തുനിന്നുള്ള അനധികൃത അതിർത്തി കടന്നുള്ള നീക്കങ്ങൾ തടയാൻ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

 

Share