തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. നോവലിസ്റ്റ് ആര്‍. രാജശ്രീയാണ് 50-ാമത് വയലാര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. ‘ആത്രേയകം’ എന്ന നോവലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ സ്മരണാര്‍ഥം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച മൂല്യവത്തായ കൃതികളില്‍നിന്നാണ് പുരസ്‌കാരത്തിനായി ‘ആത്രേയകം’ തിരഞ്ഞെടുത്തത്.
മലയാള സാഹിത്യരംഗത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായാണ് കൃതികള്‍ വിലയിരുത്തിയത്. ഒ. വി. ഉഷ, സുഭാഷ് ചന്ദ്രന്‍, വി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 1977 ജൂലൈ 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ച ആര്‍. രാജശ്രീ തലശേരി ഗവ. ബ്രണ്ണന്‍ കോളേജിലെ മലയാള വിഭാഗം ആന്‍ഡ് ഗവേഷണ കേന്ദ്രത്തില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’യാണ് ആദ്യ നോവല്‍. ഈ കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാം നോവലായ ‘ആത്രേയകം’ വയലാര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
‘നായികാനിര്‍മിതി: വഴിയും പൊരുളും’, ‘അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്‌ട്രീയവും’, ‘കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങള്‍’ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന ‘കമലാലക്ഷ്മണം’ ആണ് മറ്റൊരു പ്രധാന നോവല്‍. ആനുകാലികങ്ങളില്‍ നിരവധി കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങളായ പ്രഭാവര്‍മ്മ, ഡോ. വി. രാമന്‍കുട്ടി, ബി. സതീശന്‍, വിധിനിര്‍ണയ സമിതി അംഗങ്ങളായ ഒ. വി. ഉഷ, സുഭാഷ് ചന്ദ്രന്‍, വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.















