മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Published by
ജനം വെബ്‌ഡെസ്ക്

നാഗർകോവിൽ: മസാജ് ചെയ്യുന്നതിനിടെ മാല മോഷ്ടിച്ചെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് നാഗർകോവിലിലെ പ്രമുഖ യൂട്യൂബർ മധുമിതയ്‌ക്കെതിരെ പൊലീസ് കേസ്. തിരുനെൽവേലി കെ.ടി.സി നഗർ സ്വദേശിയായ 89കാരനായ കരാറുകാരൻ ബേച്ചിമുത്തു നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

2022ൽ മധുമിത തന്നെ അടിയന്തരമായി കാണണമെന്ന് ആവശ്യപ്പെട്ട് തിരുനെൽവേലി കോടതി പരിസരത്തെ ബസ് സ്റ്റോപ്പിലേക്ക് വിളിച്ചു. തുടർന്ന് ഇരുവരും തമ്മിൽ പരിചയം തുടരുകയായിരുന്നു. പിന്നീട് മധുമിത ഫോണിൽ നിരന്തരം ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.

ഇതിനിടെ ഒരു ദിവസം മധുമിതയുടെ മസാജ് സെന്റെറിലേക്ക് വിളിപ്പിച്ചു. മസാജ് ചെയ്യുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കൈക്കലാക്കിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിന് ശേഷം മാല തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

മധുമിതയ്‌ക്ക്  കേസും പോലീസും ഇതാദ്യമായല്ല. കഴിഞ്ഞ മാസം മധുമിതയുടെ നാഗർകോവിൽ സമീപത്തെ വീട്ടിൽ നിന്ന് 118 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും വജ്രാഭരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയത്. സംഭവത്തിൽ നാല് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പണം, സ്വർണാഭരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചുള്ള നിരവധി വീഡിയോകൾ മധുമിത പങ്കുവെച്ചിരുന്നു. ഈ വീഡിയോകൾ കണ്ടാണ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് അറസ്റ്റിലായ പ്രതികളിലൊരാൾ മൊഴി നൽകിയിരുന്നു.

ഇതിനുപിന്നാലെയാണ് മാല മോഷണവുമായി ബന്ധപ്പെട്ട പുതിയ പരാതി പുറത്തുവരുന്നത്. പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Share