തിരുവനന്തപുരം: ജയിൽമോചനത്തിന് പിന്നാലെ ഒപ്പം നിന്ന സംഘടനയ്‌ക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് സുഗതൻ, ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഇടപെട്ടിട്ടുള്ളതെന്നും സംഘടനയ്‌ക്കും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നതെന്നും പ്രതികരിച്ചു. ഇനിയും ജയിലിൽ കിടക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം നടക്കണമെന്നും സുഗതൻ ആവശ്യപ്പെട്ടു. നിലവിൽ അവിടെയുള്ളത് ഭരണകക്ഷിയുടെ എംഎൽഎയാണെന്നും അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിവെന്നും സുഗതൻ പറഞ്ഞു. വികസനം നടക്കാത്തപക്ഷം വീണ്ടും സമരം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലിന് പുറത്തുവന്ന സുഗതനെ ബിജെപി പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് സ്വീകരിച്ചത്.
കാപ്പ തടങ്കൽ റദ്ദാക്കി ഹൈക്കോടതി
സുഗതനെതിരായ കാപ്പ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി എടുത്തത് . ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ തടങ്കൽ ഉത്തരവ് റദ്ദാക്കിയത്.
തടങ്കലിന് ആധാരമായ രേഖകൾ പൂർണമായി നൽകിയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. ചില രേഖകളിൽ പേജുകൾ ഇല്ലെന്നും ചിലത് വായിക്കാൻ കഴിയാത്തതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാപ്പ നടപടിക്കായി പരിഗണിച്ച ഏഴ് കേസുകളിൽ പലതും രാഷ്‌ട്രീയ കേസുകളോ കൗണ്ടർ കേസുകളോ ആണെന്നും ഒത്തുതീർപ്പായ കേസിന്റെ വിവരങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു.
തടങ്കലിനെതിരായ നിവേദനം പരിഗണിക്കുന്നതിലും സർക്കാർ കാലതാമസം വരുത്തിയെന്ന വാദവും ഉയർന്നു. നടപടിക്രമങ്ങളിലെ വീഴ്ചകൾ സുഗതന് അനുകൂലമായെന്നും രേഖകളിലെ അപൂർണതയും വായിക്കാൻ കഴിയാത്ത ഭാഗങ്ങളും ഭരണഘടനാപരമായ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളുണ്ട്.
ജൂൺ 9ന് അറസ്റ്റ്
കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്നാണ് ജൂൺ 9ന് സുഗതനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ തടങ്കലിൽ കഴിയുകയായിരുന്നു.
അറസ്റ്റിനായി പൊലീസ് എത്തിയപ്പോഴുണ്ടായ സംഘർഷവും പൊലീസ് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതുമെല്ലാം അന്ന് വലിയ ചർച്ചയായിരുന്നു. കാപ്പ തടങ്കലിലായിരുന്നതിനാൽ കോർപറേഷൻ കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സമയത്ത് സുഗതന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ മേയർ വി.വി. രാജേഷിന്റെ സാന്നിധ്യത്തിൽ സുഗതൻ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. കാപ്പ തടങ്കലിലായിരുന്നിട്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽ തന്നെ സൗകര്യമൊരുക്കുകയായിരുന്നു.