ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന ‘സേവാ ജ്യോതി’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തന്നെ സേവിക്കാന്‍ പലതവണ തെരഞ്ഞെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘സേവാ ജ്യോതി യാത്ര’യില്‍ പങ്കെടുത്ത പൗരന്മാര്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം, പൊതുസേവനം എപ്പോഴും തന്റെ ഉത്തരവാദിത്വമായാണ് കണ്ടതെന്നും വ്യക്തമാക്കി. ”ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ഞാന്‍ ആദരം അര്‍പ്പിക്കുന്നു. എന്നെ സേവിക്കാന്‍ ജനങ്ങള്‍ എപ്പോഴും തെരഞ്ഞെടുത്തിട്ടുണ്ട്,” മോദി പറഞ്ഞു.
രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കായും രാജ്യത്തിനായും നേരത്തെ ശ്രീ വിനായക ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ഊര്‍ജത്തോടെയും കഴിവോടെയും രാജ്യത്തെ സേവിക്കാനുള്ള ശക്തിക്കായാണ് പ്രാര്‍ഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവര്‍ത്തനത്തിലെ 25 വര്‍ഷത്തെ അനുഭവം വലിയൊരു സമ്പത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഈ അനുഭവം തന്റേത് മാത്രമല്ലെന്നും രാജ്യത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം തനിക്ക് ഏറെ നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ രാജ്യത്തോടുള്ള ഉത്തരവാദിത്വവും വലുതാണെന്നും മോദി പറഞ്ഞു. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പൊതുസേവന യാത്രയില്‍ താന്‍ ഒരിക്കലും ഒറ്റയ്‌ക്കാണെന്ന് തോന്നിയിട്ടില്ലെന്നും സ്വയംസേവകരുടെയും പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കുന്നതിനായി ‘നമ്മള്‍ അത് ചെയ്യും’ എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 2047ഓടെ വികസിത ഭാരതം, ആത്മനിര്‍ഭര ഭാരതം, ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കുക, ഒളിമ്പിക്‌സ് വേദിയാകുക, ബഹിരാകാശ രംഗത്ത് കൂടുതല്‍ മുന്നേറുക തുടങ്ങിയ ലക്ഷ്യങ്ങള്‍ അദ്ദേഹം പരിപാടിയില്‍ ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള രാജ്യത്തിന്റെ ഊര്‍ജവും ആത്മവിശ്വാസവും ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.