തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി അട്ടിമറിച്ചെന്ന് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. പട്യാല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 28 വാര്‍ഡുകള്‍, മോഗ ജില്ലയിലെ ബാഗാപുരാന മുനിസിപ്പല്‍ കൗണ്‍സിലിലെ 15 വാര്‍ഡുകള്‍, ധര്‍മ്മകോട് മുനിസിപ്പല്‍ കൗണ്‍സിലിലെ 7 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് അട്ടിമറി നടന്നെന്ന് കണ്ടെത്തിയത്. ഇവിടങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. 2024 ഡിസംബറില്‍ നടന്ന പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍.

പട്യാല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 28 വാര്‍ഡുകളിലും മോഗ ജില്ലയിലെ ബാഗാപുരാന മുനിസിപ്പല്‍ കൗണ്‍സിലിലെ 15 വാര്‍ഡുകളിലും ധരംകോട്ട് മുനിസിപ്പല്‍ കൗണ്‍സിലിലെ ഏഴ് വാര്‍ഡുകളിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആകെ 50 വാര്‍ഡുകളിലാണ് പുനഃതിരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് സ്ഥാനാര്‍ഥികളെ തടഞ്ഞു, ശാരീരികമായി ആക്രമിച്ചു, നാമനിര്‍ദേശ പത്രികകള്‍ തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് കേസില്‍ ഉയര്‍ന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി അംഗങ്ങളും പോലീസുകാരും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.

ആരോപണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് നിര്‍മ്മല്‍ജിത് കൗറിന്റെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. സ്ഥാനാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ പരിശോധിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍. പട്യാലയിലെ 28 വാര്‍ഡുകള്‍, ബാഗാപുരാനയിലെ 15 വാര്‍ഡുകള്‍, ധരംകോട്ടിലെ ഏഴ് വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പുനഃക്രമീകരിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതും സൂക്ഷ്മപരിശോധനയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ വിതരണം, പോളിങ് എന്നിവയും നിരീക്ഷണ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തും.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഒരാഴ്ചയ്‌ക്കുള്ളില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ബാറിലെ മുതിര്‍ന്ന അംഗങ്ങളെ നിരീക്ഷകരായും നിയോഗിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുകയും റെക്കോര്‍ഡുകള്‍ സൂക്ഷിച്ച് മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറുകയും വേണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെയും ഡിഎസ്പി റാങ്കിലോ അതിന് മുകളിലോ ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെയും വാര്‍ഡ് തിരിച്ചുള്ള വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിക്ക് കൈമാറണം. തെരഞ്ഞെടുപ്പ് നടപടികളില്‍ ഇടപെടലോ തടസ്സമോ ഉണ്ടായതായി പരാതിയുണ്ടെങ്കില്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് പരാതി നല്‍കാം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പരാതി പരിശോധിച്ച ശേഷം കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ക്കായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് നല്‍കും. പുനഃതിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ഫലം പ്രഖ്യാപിക്കില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടന്നുവെന്ന് മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബോധ്യപ്പെട്ട ശേഷമായിരിക്കും നടപടികള്‍ പൂര്‍ത്തിയായതായി കണക്കാക്കുക. ആറ് ആഴ്ചയ്‌ക്കുള്ളില്‍ പുനഃതിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ കേസിന്റെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നിര്‍ദേശങ്ങളെന്നും ഭാവിയിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഇത് മാതൃകയായി കാണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Share