‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ ദിനത്തോടനുബന്ധിച്ച് വ്യോമസേനാംഗങ്ങള്‍ക്ക് ആശംസകളുമായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍. രാജ്യത്തിന്റെ ആകാശസുരക്ഷ ഉറപ്പാക്കുന്നതില്‍ വ്യോമയോദ്ധാക്കളുടെ ധൈര്യത്തെയും അര്‍പ്പണബോധത്തെയും നേതാക്കള്‍ പ്രകീര്‍ത്തിച്ചു. വ്യോമസേനാ ദിനത്തില്‍ എല്ലാ വ്യോമയോദ്ധാക്കള്‍ക്കും വിമുക്തഭടന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന് ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സേവനം മാതൃകാപരമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. പ്രൊഫഷണലിസം, അച്ചടക്കം, സജ്ജത എന്നിവയില്‍ വ്യോമസേന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

ഓപ്പറേഷന്‍ സിന്ദൂര്‍ വ്യോമയോദ്ധാക്കളുടെ ധൈര്യവും കൃത്യതയും പ്രവര്‍ത്തന സജ്ജതയും വ്യക്തമാക്കിയെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ആകാശം സംരക്ഷിക്കുന്ന വ്യോമയോദ്ധാക്കളുടെ ധൈര്യത്തിനും പ്രതിബദ്ധതയ്‌ക്കും ആദരമര്‍പ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വ്യോമസേനാംഗങ്ങളും അവരുടെ കുടുംബങ്ങളും രാജ്യത്തിനായി നല്‍കിയ സേവനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആകാശത്തെ സാഹചര്യങ്ങള്‍ എപ്പോഴും പ്രവചനാതീതമാണെന്നും ഇത്തരം വെല്ലുവിളികള്‍ക്കിടയിലും വ്യോമസേന രാജ്യത്തിന് സുരക്ഷാബോധം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമസേനാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. ധീരത, കൃത്യത, ആക്രമണശേഷി എന്നിവയില്‍ ഇന്ത്യന്‍ വ്യോമസേന കൈവരിച്ച ശേഷിയെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യോമസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. ധൈര്യത്തിന്റെയും ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എല്ലാ വര്‍ഷവും ഒക്ടോബര്‍ 8നാണ് ഇന്ത്യന്‍ വ്യോമസേനാ ദിനം ആചരിക്കുന്നത്. 1932ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ഓക്‌സിലറി എയര്‍ഫോഴ്‌സായി ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായതിന്റെ സ്മരണയ്‌ക്കായാണ് ദിനാചരണം. പിന്നീട് ദശാബ്ദങ്ങളിലൂടെ ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ സായുധസേനയിലെ പ്രധാന ഘടകമായി വളര്‍ന്നു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിനൊപ്പം സായുധ സംഘര്‍ഷ ഘട്ടങ്ങളില്‍ വ്യോമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വ്യോമസേനയുടെ പ്രധാന ചുമതലകളാണ്.

Share