ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

ഗുവാഹട്ടി: ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയായ 20കാരിയെ ആന്ധ്രാപ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയില്‍ നിന്നുള്ള ഗോത്രവര്‍ഗ യുവതിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി ഗുവാഹട്ടിയിലെ ബി. ബൊറുവ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു. ആന്ധ്രാപ്രദേശിലെ ഒരു നൃത്തപരിപാടിയില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിയെ കാണാതായത്. ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയോടെ വിശാഖപട്ടണത്ത് നിന്ന് ദിബ്രുഗഡ് വിവേക് എക്‌സ്പ്രസില്‍ യുവതി യാത്ര തിരിച്ചതായി മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ ഏഴിന് രാവിലെ 9.05ന് ട്രെയിന്‍ ഗുവാഹട്ടിയിലെത്തേണ്ടതായിരുന്നു.

ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ 2.39 വരെ യുവതി കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് അയച്ച സന്ദേശത്തില്‍ ‘ചുറ്റും കുറേ പുരുഷന്മാരുണ്ട്, പേടിയാകുന്നു’ എന്ന് പറഞ്ഞിരുന്നതായാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്. ഇതിന് പിന്നാലെ യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് കുടുംബം ഗുവാഹട്ടി റെയില്‍വേ പൊലീസിലും റെയില്‍വേയുടെ ഹെല്‍പ്ലൈന്‍ നമ്പറായ 139ലും പരാതി നല്‍കി. അന്വേഷണത്തിനിടെ വിവേക് എക്‌സ്പ്രസിലെ എസ്2 കോച്ചില്‍ നിന്ന് യുവതിയുടെ ബാഗ് റെയില്‍വേ പൊലീസ് കണ്ടെത്തി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്ക് ശേഷം ആന്ധ്രാപ്രദേശിലെ മലയാലപുരത്തിന് സമീപത്തെ വനമേഖലയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ പൊലീസും പ്രാദേശിക പൊലീസും അന്വേഷണം തുടരുകയാണ്.

Share