ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ റിയാദിന് നേരെ ഹൂതി ആക്രമണം നടന്നെന്ന അവകാശവാദത്തിന് പിന്നാലെ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. ഒക്ടോബര്‍ 10 വരെയാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇതിനിടെ, ഡല്‍ഹിയില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഹൂതി ആക്രമണം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യാത്രാമധ്യേ തിരിച്ചിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യമോ ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതിനുള്ള അവസരമോ നല്‍കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.
വ്യാഴാഴ്ച റിയാദ് നഗരത്തില്‍ നിരവധി സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപവും വലിയ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്നും ഹൂതികള്‍ അവകാശപ്പെട്ടെങ്കിലും ഇതിന് തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല. സൗദി അധികൃതര്‍ ഹൂതികളുടെ പുതിയ അവകാശവാദത്തില്‍ ഉടന്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി, റിയാദിന് നേരെ ഹൂതികള്‍ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി അറിയിച്ചു. യെമന്‍ അതിര്‍ത്തിക്ക് സമീപമുള്ള തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഖമീസ് മുഷൈത്തിലേക്ക് വിക്ഷേപിച്ച മറ്റൊരു ബാലിസ്റ്റിക് മിസൈലും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. സൗദി വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികള്‍ക്ക് ‘അവസാന മുന്നറിയിപ്പ്’ നല്‍കുന്നതായും ഹൂതികള്‍ അറിയിച്ചിരുന്നു. സൗദി വ്യോമപാതയെ സൈനിക നടപടികളുടെ മേഖലയായാണ് ഹൂതികള്‍ വിശേഷിപ്പിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അതിനിടെ, സൗദിയിലെ അബ്ഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നത് ‘തികച്ചും അംഗീകരിക്കാനാകാത്തത്’ ആണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.