കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ബിജെപി സ്ഥാനാർഥികൾക്ക് വൻ മുന്നേറ്റം. നന്ദിഗ്രാമിലും റെജിനഗറിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി സ്ഥാനാർഥികൾക്ക് വ്യക്തമായ ലീഡ്. നന്ദിഗ്രാമിൽ ഹസിറാണി രഥ് എണ്ണിയ വോട്ടുകളുടെ 78.33 ശതമാനവും റെജിനഗറിൽ ഷങ്കരവ് സർക്കാർ 86.83 ശതമാനവും നേടി മുന്നിലെത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് നന്ദിഗ്രാമിൽ ഹസിറാണി രഥിന് 11,965 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ 2,321 വോട്ടുകളുമായി രണ്ടാമതാണ്. സിപിഐ സ്ഥാനാർഥി ശാന്തി ഗോപാൽ ഗിരിക്ക് ലഭിച്ചത് 452 വോട്ടുകൾ മാത്രമാണ്. ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടിന്റെ അലി എം.ഡി. സാബെ മിറാജ് ഖാൻ 284 വോട്ടും ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിന്റെ എഹ്തേഷ്മുൽ ഹഖ് 58 വോട്ടും നേടി.
റെജിനഗറിൽ ബിജെപി സ്ഥാനാർഥി ഷങ്കരവ് സർക്കാരിന് ഇതുവരെ 11,614 വോട്ടുകളാണ് ലഭിച്ചത്. എണ്ണിയ വോട്ടുകളുടെ 86.83 ശതമാനമാണിത്. കോൺഗ്രസ് സ്ഥാനാർഥി അബ്ദുള്ളഹിൽ കാഫി വെറും 581 വോട്ടുകളുമായി രണ്ടാമതെത്തി. ആം ജനതാ ഉന്നയൻ പാർട്ടിയുടെ ഗോലം നബി ആസാദ് എന്ന റോബിന് 446 വോട്ടുകൾ ലഭിച്ചു.
സിപിഎം സ്ഥാനാർഥി എം.ഡി. സയീദിന് 199 വോട്ടും മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി റബിയുൽ ആലം ചൗധരിക്ക് 91 വോട്ടും ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സൈഫുസ്സമാൻ സെയ്ഖിന് 59 വോട്ടും ലഭിച്ചു.
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന നന്ദിഗ്രാം, 2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ച മണ്ഡലമാണ്. എന്നാൽ പിന്നീട് കഥ മാറി. ഇന്ന് സുവേന്ദു അധികാരിയുടെ ശക്തമായ രാഷ്‌ട്രീയ സ്വാധീനമുള്ള മണ്ഡലമാണിത്. ബിജെപി സ്ഥാനാർഥി ഹസിറാണി രഥാണ് ഇവിടെ മത്സരിക്കുന്നത്. 2016, 2021, 2026 വർഷങ്ങളിൽ നന്ദിഗ്രാമിൽ നിന്ന് വിജയിച്ച സുവേന്ദു അധികാരിയുടെ രാഷ്‌ട്രീയ സ്വാധീനം വീണ്ടും ചർച്ചയാകുന്ന പോരാട്ടം കൂടിയാണിത്. സുവേന്ദുവിന്റെ മുൻ സഹായിയായിരുന്ന ചന്ദ്രനാഥ് റാത്തിന്റെ മാതാവാണ് ഹസിറാണി രഥ്. ബിജെപി അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് ചന്ദ്രനാഥ് രഥിനെ തൃണമുൽ ഗുണ്ടകൾ കൊലപ്പെടുത്തിയത്.