തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്‌ക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. ഇന്ന് (ശനിയാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലാക്ക കടലിടുക്കിന് മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഞായറാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കുമെന്നും തുടര്‍ന്ന് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മഴയ്‌ക്കൊപ്പം ചിലയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മന്നാര്‍ ഉള്‍ക്കടലിനും തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ക്കും മുകളിലായി സമുദ്രനിരപ്പില്‍നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍നിന്ന് മധ്യവടക്കന്‍ മഹാരാഷ്‌ട്രയിലേക്ക് നീളുന്ന ന്യൂനമര്‍ദ്ദ പാത്തി ഉള്‍നാടന്‍ തമിഴ്നാട്, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനഫലമായി വരും ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.