യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

Published by
ജനം വെബ്‌ഡെസ്ക്

അഡിസ് അബാബ: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ആഗോളതലത്തിലെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സംവിധാനങ്ങളില്‍ ഇന്ത്യയെയും ആഫ്രിക്കയെയും വേണ്ടത്ര പ്രതിനിധീകരിക്കാത്ത സാഹചര്യം തുടരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ അദ്വാ വിജയ സ്മാരക മ്യൂസിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിലും സ്ഥിരമല്ലാത്ത അംഗത്വത്തിലും ആഫ്രിക്കയ്‌ക്ക് നീതിയുക്തമായ പ്രാതിനിധ്യം ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2023ല്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം ഉറപ്പാക്കുന്നതിനായി ഇന്ത്യ നടത്തിയ ശ്രമങ്ങളും ജയശങ്കര്‍ അനുസ്മരിച്ചു. ആഗോള ഭരണസംവിധാനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പര്യടനത്തിന്റെ അവസാന ഘട്ടത്തിലാണ് ജയശങ്കര്‍ എത്യോപ്യയിലെത്തിയത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ആഫ്രിക്കയെന്നും ഇരുപക്ഷവും തമ്മിലുള്ള വ്യാപാരം 100 ബില്യണ്‍ യുഎസ് ഡോളറിനോട് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പിന്തുണയോടെ ആഫ്രിക്കയിലുടനീളം 4.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ 220ലധികം വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായും ജയശങ്കര്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഭക്ഷ്യസുരക്ഷ, കൃഷി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 1896ല്‍ ഇറ്റാലിയന്‍ സൈന്യത്തിനെതിരെ എത്യോപ്യ അദ്വായില്‍ നേടിയ വിജയവും ജയശങ്കര്‍ അനുസ്മരിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കൊളോണിയല്‍ ഭരണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഈ വിജയം പ്രചോദനമായെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും അതിന്റെ സ്വാധീനം പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു. 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യവും ആഫ്രിക്കയുടെ അജന്‍ഡ 2063ഉം പരസ്പരം പൂരകമായ വികസന കാഴ്ചപ്പാടുകളാണെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വികസന സഹകരണം കൂടുതല്‍ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

Share