സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിക്കെതിരെ വിമർശനവുമായി ട്രംപ്; പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യം. റഷ്യയിൽനിന്ന് ഡീസൽ വാങ്ങാനുള്ള അമേരിക്കയുടെ നീക്കത്തെ സെലൻസ്‌കി വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്‌കി വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച ട്രംപ്, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്‌കിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അദ്ദേഹം കരാറിലെത്താൻ തയ്യാറായില്ലെന്നാണ് ട്രംപിന്റെ വിമർശനം.

ലോകത്തിന് പ്രശ്‌നങ്ങളുണ്ടാക്കാനാണ് സെലൻസ്‌കി ശ്രമിക്കുന്നത്. അമേരിക്കൻ കർഷകരെയും കന്നുകാലി വളർത്തുന്നവരെയും ഡീസൽ ഇന്ധന പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. യുദ്ധത്തിൽ യുക്രെയ്‌നിന് വലിയ ഭൂപ്രദേശങ്ങൾ നഷ്ടപ്പെട്ടതും നിരവധി പേർ കൊല്ലപ്പെടുകയോ ദുരിതത്തിലാകുകയോ ചെയ്തതും ചൂണ്ടിക്കാട്ടിയ ട്രംപ്, ഈ യുദ്ധം ഒരിക്കലും ആരംഭിക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

റഷ്യയിൽനിന്ന് ഡീസൽ വാങ്ങാനുള്ള നീക്കം 
അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നതിനിടെ റഷ്യയിൽനിന്ന് വൻതോതിൽ ഡീസൽ വാങ്ങാനുള്ള കരാറിലാണ് ട്രംപ് ഭരണകൂടം എത്തിയിരിക്കുന്നത്. കരാർ പ്രകാരം 3 ലക്ഷം ടണ്ണിലധികം ഡീസൽ ഉടൻ വിതരണം ചെയ്യുമെന്നും നവംബറിൽ 5 ലക്ഷം ടണ്ണും അതിനുശേഷം 10 ലക്ഷം ടണ്ണും ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കുമേൽ അധിക തീരുവ ട്രംപ് ചുമത്തിയത് മാസങ്ങൾക്ക് മുൻപാണ്. റഷ്യയുടെ എണ്ണവ്യാപാരത്തിലൂടെ മോസ്കോയ്‌ക്ക് വരുമാനം ലഭിക്കുന്നുവെന്നും അത് യുക്രെയ്ൻ യുദ്ധത്തിന് സഹായകമാകുന്നുവെന്നുമായിരുന്നു അമേരിക്കയുടെ പ്രധാന വാദം. എന്നാൽ ഇന്ത്യയുടെ ഊർജസുരക്ഷയും ദേശീയ താൽപര്യങ്ങളും മുൻനിർത്തിയാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതെന്ന നിലപാടാണ് ന്യൂഡൽഹി സ്വീകരിച്ചത്. അതേ ട്രംപ് ഭരണകൂടമാണ് റഷ്യയിൽ നിന്നും ഡീസൽ വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടിരിക്കുന്നത് എന്നതാണ് വൈരുദ്ധ്യം.

സെലൻസ്‌കിക്ക് പിന്തുണയുമായി ബ്രിട്ടൻ; ട്രംപിനെ സ്വാഗതം ചെയ്ത് റഷ്യ
ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ യുക്രെയ്ൻ ധനമന്ത്രി ആൻഡ്രി സിബിഹ രംഗത്തെത്തി. സെലൻസ്‌കിക്ക് യുക്രെയ്ൻ ജനതയുടെ പിന്തുണയുണ്ടെന്നും രാജ്യത്തിന്റെ നേതൃത്വം തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്കാണെന്നും അദ്ദേഹം പ്രതികരിച്ചു. വിദേശത്തുനിന്നുള്ള ഇത്തരം പ്രസ്താവനകൾ സെലൻസ്‌കി തന്റെ ചുമതല നിർവഹിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമും സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പിന്തുണ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂർ യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നുവെന്നും യുക്രെയ്‌നോടുള്ള പൂർണ ഐക്യദാർഢ്യം ആവർത്തിച്ചതായും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം, ട്രംപിന്റെ പ്രസ്താവനയെ റഷ്യ സ്വാഗതം ചെയ്തു. സമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതൃത്വമാണ് യുക്രെയ്‌നിന് ആവശ്യമെന്ന നിലപാടാണ് ട്രംപ് പങ്കുവെച്ചതെന്ന് ക്രെംലിന്റെ സാമ്പത്തിക സഹകരണത്തിനായുള്ള പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രീവ് പ്രതികരിച്ചു. ട്രംപിന്റെ പരാമർശങ്ങളെ അദ്ദേഹം “ചരിത്രപരവും ശ്രദ്ധേയവും” എന്ന് വിശേഷിപ്പിച്ചു.

Share