ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഇൻഡി നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ ചോദ്യത്തിനാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്. ഭരണഘടന ഉറപ്പുനൽകുന്ന അധികാര വിഭജന തത്വവും നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

തെരുവിൽ പ്രതിഷേധിക്കുന്നതിന് പകരം നിയമപരമായ വഴി
എസ്ഐആറുമായി ബന്ധപ്പെട്ട്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സമരം നടത്തുന്നത്.  എന്നാൽ ഇത്തരം പരാതികൾ തെരുവ് പ്രതിഷേധങ്ങളിലൂടെയോ കൂടിക്കാഴ്ചകളിലൂടെയോ ഉന്നയിക്കുന്നതിന് പകരം ഭരണഘടനാപരമായ നിയമനടപടികളിലൂടെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാമെന്നും പ്രതിപക്ഷ നേതാക്കൾക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകി.

ചീഫ് ജസ്റ്റിസിന്റെ നിലപാടിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി. തെരുവ് പ്രതിഷേധങ്ങളിലൂടെ രാഷ്‌ട്രീയ സമ്മർദം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസിന്റെ മറുപടി ഈ നീക്കത്തിന്റെ രാഷ്‌ട്രീയ സ്വഭാവം വ്യക്തമാക്കുന്നുവെന്നുമാണ് ബിജെപി വൃത്തങ്ങൾ പ്രതികരിച്ചു.

 

 

Share