പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

Published by
ജനം വെബ്‌ഡെസ്ക്

വത്തിക്കാൻ:  പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്‌ക്കിടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തതായാണ് റിപ്പോർട്ട്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും സങ്കീർണതകളൊന്നും ഉണ്ടായില്ലെന്നും വത്തിക്കാൻ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

ശ്വാസകോശത്തിലെ മുഴ അർബുദമാണെന്ന സംശയം ശസ്ത്രക്രിയയ്‌ക്ക് മുമ്പുള്ള പരിശോധനകളിൽ ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ലങ് അഡിനോകാർസിനോമ (Lung Adenocarcinoma) എന്ന ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

71 വയസ്സുകാരനായ പോപ്പ് ലിയോ ഏകദേശം മൂന്ന് മണിക്കൂറോളം ഓപ്പറേഷൻ തിയേറ്ററിലായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് മാത്രം 90 മിനിറ്റോളം സമയമെടുത്തു. ശസ്ത്രക്രിയ പൂർത്തിയായതിനു പിന്നാലെ അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിലെ മുറിയിലേക്ക് മാറ്റി. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

പോപ്പിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വത്തിക്കാൻ വക്താവ് വ്യക്തമാക്കി. ശസ്ത്രക്രിയയ്‌ക്കു ശേഷം ഏകദേശം ഒരാഴ്ച ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഒക്ടോബർ 20 വരെ പോപ്പിന്റെ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്.

 

 

Share