ന്യൂയോർക്ക്: ബംഗ്ലാദേശ് മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ അമേരിക്കയിൽ പ്രതിഷേധം. ന്യൂയോർക്കിലുള്ള ജോൺ എഫ്. കെന്നഡി (ജെഎഫ്കെ) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗ്ലാദേശ് പ്രവാസികളാണ് യൂനുസിനെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45ഓടെയാണ് സംഭവം നടന്നത്. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിൽനിന്ന് ടെർമിനൽ എട്ടിലെത്തിയ യൂനുസിനൊപ്പം ഇടക്കാല സർക്കാരിന്റെ എസ്ഡിജി ചീഫ് കോ-ഓർഡിനേറ്ററും യൂനുസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ലാമിയ മോർഷെദും ഉണ്ടായിരുന്നു.
വിമാനത്താവളത്തിൽനിന്ന് വീൽചെയറിൽ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതിഷേധക്കാർ യൂനുസിനെ വളഞ്ഞത്. ബംഗ്ലാദേശിൽ നിരവധി പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച പ്രതിഷേധക്കാർ അദ്ദേഹത്തെ ‘ഭീകരവാദി’യെന്ന് വിളിക്കുകയും രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ യൂനുസിനെ വീണ്ടും ടെർമിനറിനുള്ളിലേക്ക് മാറ്റി.
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷ വേട്ടയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് യൂനുസിനെതിരെ വിവിഝ രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 2006ൽ യൂനുസിന് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്.