കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു വധക്കേസിൽ പ്രതികൾക്ക് കർശന മുന്നറിയിപ്പുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. മാസ്ക് ധരിച്ച് പ്രതിക്കൂട്ടിൽ കയറിയ പ്രതികളോട് അത് അഴിച്ചുമാറ്റാൻ കോടതി നിർദേശിച്ചു. ഇനി രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
കേസിൽ എട്ടുവർഷത്തിനുശേഷം സാക്ഷിവിസ്താരം ആരംഭിച്ച ദിവസമാണ് അസാധാരണ സംഭവങ്ങൾ ഉണ്ടായത്. കേസിലെ 16 പ്രതിളായ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ സമാനമായ വസ്ത്രധാരണത്തിലും ഒരേ രീതിയിലുള്ള ഹെയർസ്റ്റൈലിലുമാണ് കോടതിയിലെത്തിയത്. വെള്ള മുണ്ടും വെള്ള ഹാഫ് കൈ ഷർട്ടും കറുത്ത ഷൂസും ധരിച്ചിരുന്ന പ്രതികൾ മാസ്കും ധരിച്ചിരുന്നു. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനാണ് മാസ്ക് അഴിക്കാൻ കോടതി നിർദേശിച്ചത്.
വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് പ്രോസിക്യൂഷൻ
വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതികളുടെ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. കോടതിമുറിയിൽ മാധ്യമങ്ങൾ പ്രതികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ ഹൈക്കോടതിയിലും ഉന്നയിച്ചെങ്കിലും രഹസ്യവിചാരണ അനുവദിച്ചില്ല. കോടതിക്കുള്ളിൽ പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
വിചാരണ വൈകിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പ്രതികളുടെ പുതിയ ആവശ്യങ്ങളെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് രൂപത്തിലും വസ്ത്രധാരണത്തിലും മാറ്റം വരുത്തുന്നതെന്ന സംശയവും പ്രോസിക്യൂഷൻ ഉന്നയിച്ചു.
എട്ടുവർഷത്തിനുശേഷം സാക്ഷിവിസ്താരം
2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജ് ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകനും രണ്ടാം വർഷ ബിരുദ വിദ്യാർഥിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കേസിൽ 16 പ്രതികൾക്കെതിരെയാണ് വിചാരണ നടക്കുന്നത്. പ്രതികൾക്കെതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചപ്പോൾ എല്ലാവരും കുറ്റം നിഷേധിച്ചിരുന്നു.
വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. കേസിൽ തുടർന്നുണ്ടാകുന്ന നടപടികൾ കോടതി നിരീക്ഷിക്കും.