ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ബംഗളൂരു: കർണാടകയിലെ ഹുൻസൂരിന് സമീപം കോഴിക്കോട്–ബംഗളൂരു യാത്രാബസ് ലോറിയിലും മരത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി ശ്രീജേഷ് സുനിൽ എന്നിവരുൾപ്പെടെ മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച നാലാമത്തെയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ വന്ന ലോറിയിൽ ഇടിച്ചശേഷം മരത്തിലിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ വയനാട് സ്വദേശികളായ മൂന്ന് പേരെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 11 പേർ മൈസൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ നിലവിൽ വലിയ ആശങ്കയില്ലെന്നാണ് പ്രാഥമിക വിവരം.

ബസിന്റെ മുൻവശത്തിരുന്നവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ബസിൽ റിസർവേഷൻ ഇല്ലാതെ യാത്രക്കാരെ കയറ്റിയിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.   ഹുൻസൂർ മേഖലയിൽ മുൻപും യാത്രാബസുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. മരിച്ച നാലാമത്തെയാൾ വയനാട് സ്വദേശിയാണെന്ന സംശയവും ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Share