മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ. വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ് ജസീം സബാഹിനെ ഉൾപ്പെടുത്തി. വെൽഫെയർ പാർട്ടി അംഗമാണ് ഇവർ.  യുഡിഎഫ് പിന്തുണയിൽ മേലാറ്റൂർ പഞ്ചായത്തിൽ നിന്നാണ് ഇവർ വിജയിച്ചത്.

മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയെ പുതിയ ചെയർമാൻ.  ഒമ്പത് അംഗങ്ങളെയാണ് പുതിയ ബോർഡിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്‌സി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൾ മജീദ്, സലാഹി മദീന ബീഗം, മുസ്തഫൽ ഫൈസി എന്നിവരാണ് അംഗങ്ങൾ. എംഎൽഎമാരുടെ പ്രതിനിധിയായാണ് കുറുക്കോളി മൊയ്തീൻ ബോർഡിലെത്തുന്നത്.

നേരത്തെയും നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നയാളാണ് പുതിയ ചെയർമാൻ എം.സി. മായിൻ ഹാജി. എൽഡിഎഫ് സർക്കാർ നിയമിച്ച കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡിലെ മുഴുവൻ അംഗങ്ങളെയും മാറ്റിയാണ് പുതിയ സമിതി രൂപീകരിച്ചത്. ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ളവർ പഴയ ബോർഡിലുണ്ടായിരുന്നു. പുതിയ ബോർഡിൽ മുജാഹിദ് വിഭാഗത്തിന് ഉൾപ്പെടെ പ്രാതിനിധ്യമുണ്ടെങ്കിലും കാന്തപുരം സുന്നി വിഭാഗത്തിൽനിന്ന് ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

2025ലെ വഖഫ് ഭേദഗതി നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ, അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താതെ കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സർക്കാർ നടപടിക്കെതിരെ നിയമപ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

Share