ചെന്നൈ: തമിഴ്നാട്ടിൽ 128 കേന്ദ്രങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഒക്ടോബർ 25, നവംബർ 1 തീയതികളിൽ പരിപാടികൾ നടത്താനാണ് അനുമതി. റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കാൻ നേരത്തേ കോടതികൾ തള്ളിക്കളഞ്ഞ കാരണങ്ങൾ തന്നെ പോലീസ് വീണ്ടും ഉന്നയിച്ചതിനെ ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ രൂക്ഷമായി വിമർശിച്ചു. ഇതോടെ റൂട്ട് മാർച്ചുകൾക്ക് അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിനും പോലീസിനും കോടതിയിൽ തിരിച്ചടിയായി.
ആർഎസ്എസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ അനുമതി തേടിയെങ്കിലും പോലീസ് അപേക്ഷകൾ നിരസിക്കുകയായിരുന്നു. ഒക്ടോബർ 18, 25, നവംബർ 1 തീയതികളാണ് സംഘടന മുന്നോട്ടുവച്ചിരുന്നത്. തുടർന്നാണ് ആർഎസ്എസ് കോടതിയെ സമീപിച്ചത്.
പഴയ കാരണങ്ങൾ വീണ്ടും ഉന്നയിച്ചതിൽ അതൃപ്തി
മസ്ജിദുകളും പള്ളികളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ റൂട്ട് മാർച്ചിന്റെ വഴിയിലുണ്ടെന്നത്, ഗതാഗതക്കുരുക്കിനുള്ള സാധ്യത, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. എന്നാൽ മുൻകാല കോടതി ഉത്തരവുകളിൽ ഇത്തരം കാരണങ്ങൾ പരിഗണിച്ചിട്ടുള്ളതാണെന്നും അവ വീണ്ടും ഉന്നയിച്ച് അനുമതി തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ആർഎസ്എസിന്റെ റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കാൻ പുതിയ കാരണങ്ങളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി പരിഹസിച്ചു. അപേക്ഷകൾ പരിശോധിച്ച് ആവശ്യമായ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിന് പകരം നിരസിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുന്ന സമീപനം പോലീസ് ഉപേക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
മസ്ജിദുകളുടെയും ഈദ്ഗാഹുകളുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുന്നത് മുസ്ലിം സമൂഹത്തെ അനാവശ്യമായി സംശയത്തിന്റെ നിഴലിലാക്കുന്ന നടപടിയാണെന്നും നേരത്തെയുള്ള വാദം കേൾക്കലിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുനിരത്തുകൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും നിയമപരമായ നിയന്ത്രണങ്ങൾക്കു വിധേയമായി സംഘടനകൾക്ക് പരിപാടികൾ നടത്താനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
പഥസഞ്ചലനത്തിന്റെ സമയക്രമം, റൂട്ടുകൾ, പൊതുയോഗ വേദികൾ എന്നിവ ഒക്ടോബർ 19-നകം സംഘാടകരുമായി ചർച്ച ചെയ്ത് അന്തിമമാക്കാൻ പോലീസിന് കോടതി നിർദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.
മുൻ കോടതി ഉത്തരവുകളിൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുമെന്ന് ആർഎസ്എസും ഉറപ്പുനൽകി. റൂട്ട് മാർച്ചിനും പൊതുയോഗങ്ങൾക്കും ആവശ്യമായ വിശദാംശങ്ങൾ മുൻകൂട്ടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ആവർത്തിക്കുന്ന നിയമപോരാട്ടത്തിന് വിരാമമിടണമെന്ന് കോടതി
ആർഎസ്എസിന്റെ പഥസഞ്ചലനവുമായി ബന്ധപ്പെട്ട് 2022 മുതൽ തമിഴ്നാട്ടിൽ നിയമപോരാട്ടങ്ങൾ തുടരുകയാണ്. മുൻകാലങ്ങളിൽ ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും മാർഗനിർദേശങ്ങളും നിലനിൽക്കെയാണ് വീണ്ടും അനുമതി സംബന്ധിച്ച തർക്കം കോടതിയിലെത്തിയത്. ഭാവിയിൽ ഇത്തരം പരിപാടികൾക്ക് അനുമതി തേടുമ്പോൾ ഓരോ തവണയും കോടതിയെ സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പോലീസ് അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.