നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

60 അടി ഉയരമുള്ള പനയിൽ കുടുങ്ങിയത് പാലപ്പുറം സ്വദേശി രാജൻ; രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം താഴെയിറക്കി

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയ വയോധികന് ദാരുണാന്ത്യം. പാലപ്പുറം പല്ലാർമംഗലം ചാത്തൻപ്ലാക്കിൽ രാജൻ (64) ആണ് മരിച്ചത്. പനയിൽ കുടുങ്ങിയ രാജനെ താഴെയിറക്കാൻ ഷൊർണൂർ അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷാപ്രവർത്തനം പൂർത്തിയാകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പാലപ്പുറം പഴയ പോസ്റ്റ് ഓഫീസിന് സമീപം മാറ്റമ്പറ്റക്കാട്ടിൽ രാമന്റെ വീട്ടുവളപ്പിലെ ഏകദേശം 60 അടി ഉയരമുള്ള പനയിലാണ് രാജൻ കയറിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പനയിൽ കയറിയ രാജൻ ഏറെ നേരം കഴിഞ്ഞിട്ടും താഴെയിറങ്ങാത്തതിനെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ചപ്പോഴാണ് മുകളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

സേനാംഗങ്ങൾ ഏറെ സാഹസികമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ രാവിലെ ഒമ്പതു മണിയോടെയാണ് രാജനെ താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share