ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം തെരുവ് കലാപത്തിലൂടെയല്ല, തെരഞ്ഞെടുപ്പിലൂടെയാണ് നടക്കുകയെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാൻസിനെയോ പോലെയല്ലെന്നും തെരുവിലെ അക്രമങ്ങൾ വഴി അധികാരം പിടിക്കാനുള്ള നീക്കങ്ങൾ രാജ്യത്ത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് റിജിജുവിന്റെ പ്രതികരണം.
ബംഗ്ലാദേശിലെ തെരുവ് കലാപത്തിന്റെയും ഫ്രാൻസിലെ തീവയ്പ്, കൊള്ള തുടങ്ങിയ അക്രമസംഭവങ്ങളുടെയും മാതൃകയിൽ ഇന്ത്യയിലും സമാനമായ സംഭവങ്ങൾ സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് റിജിജുവിന്റെ ആരോപണം. ഇന്ത്യാവിരുദ്ധ സംഘങ്ങളും പ്രതിപക്ഷ രാഷ്ട്രീയക്കാരും ഇതിനായി യുവാക്കളെ പ്രേരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമം നടന്നെങ്കിലും അത് പരാജയപ്പെട്ടുവെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. തന്റെ വാദങ്ങൾക്ക് പിന്തുണയായി സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെയും നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി പരാമർശിച്ച വിദ്യാർഥി നേതാവ് ഐഷ ഘോഷിന്റെയും വീഡിയോകളും അദ്ദേഹം എക്സിൽ പങ്കുവെച്ചു.
എസ്ഐആർ വിരുദ്ധ പ്രതിഷേധത്തിലും ഗൂഢാലോചന
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെതിരായ പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് അക്രമം നടത്താൻ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന നടത്തിയെന്നും റിജിജു ആരോപിച്ചു. തെരുവ് പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യയിലെ ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.















