മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍ ഉറപ്പിച്ചിരുന്നതായാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലിരുന്ന് പ്രതികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി സംശയിക്കുന്ന അനില്‍ പണ്ഡിറ്റ് പണവും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയെന്നാണ് വിവരം. മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ രാജസ്ഥാനിലെ കോട്ടയിലെ റെയില്‍വേ കോളനി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. രാത്രിയില്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഒക്ടോബര്‍ 20ന് രാവിലെ എട്ടുമണിയോടെ പ്രതികളെ റോഡ് മാര്‍ഗം മുംബൈയിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനില്‍ പണ്ഡിറ്റ് വിദേശത്തുനിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയും പണവും ആയുധങ്ങളും എത്തിച്ചുനല്‍കുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ‘ജാംഗി’ എന്ന ആപ്പ് വഴിയാണ് പ്രതികള്‍ ഇയാളുമായി ആശയവിനിമയം നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ നേരിട്ട് കണ്ടിട്ടില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പറയുന്നു. മുംബൈയില്‍ കഴിയുന്നതിനിടെ പ്രതികള്‍ക്ക് ദിവസവും 5,000 മുതല്‍ 10,000 രൂപ വരെ ഓണ്‍ലൈനായി ലഭിച്ചിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കാന്‍ പ്രാദേശിക കടയുടമകളുടെയോ മറ്റുള്ളവരുടെയോ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചാണ് പണം കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
വെടിവയ്പ്പിനുശേഷം പ്രതികള്‍ അന്ധേരി റെയില്‍വേ സ്റ്റേഷനിലെത്തി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തു. രണ്ടോ മൂന്നോ സ്റ്റേഷനുകള്‍ക്കുശേഷം ഇറങ്ങിയ ഇവര്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ സൂറത്തിലേക്ക് പോയെന്നും അവിടെനിന്ന് പൂനെ-ജയ്പൂര്‍ ട്രെയിനില്‍ കയറിയെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിരിച്ചറിയാതിരിക്കാനായി യാത്രയ്‌ക്കിടെ മുടി മുറിക്കുകയും വസ്ത്രം മാറുകയും ചെയ്തിരുന്നു. കോട്ടയില്‍നിന്ന് പിടികൂടുമ്പോള്‍ ഇവരുടെ രൂപഭാവങ്ങളില്‍ മാറ്റമുണ്ടായിരുന്നുവെന്നും ബാഗില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആയുധങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മോഷ്ടിക്കപ്പെട്ട മോട്ടോര്‍ സൈക്കിള്‍ പ്രതികള്‍ക്ക് ലഭ്യമാക്കിയത് ഋതിക് എന്നയാളാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇന്‍ഡോറിലെയും മുംബൈയിലെയും ബന്ധങ്ങള്‍ വഴിയാണ് പ്രതികള്‍ക്ക് ആയുധങ്ങള്‍ ലഭിച്ചതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരം.
ആയുധങ്ങള്‍ കൈമാറാന്‍ ആരും നേരിട്ട് എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം, മാലിന്യക്കൂമ്പാരത്തിന് സമീപം പെട്ടിയില്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ എവിടെനിന്ന് എടുക്കണമെന്ന് വ്യക്തമാക്കുന്ന വീഡിയോകളും സ്ഥലവിവരങ്ങളും അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് സൂചന. ആശയവിനിമയത്തിന് ഉപയോഗിച്ച ‘ജാംഗി’ ആപ്പില്‍ അക്കൗണ്ട് തുടങ്ങാന്‍ ഫോണ്‍ നമ്പറോ വ്യക്തിഗത വിവരങ്ങളോ ആവശ്യമില്ലെന്നാണ് പറയപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാനായി സംഭാഷണങ്ങള്‍ക്കുശേഷം സിം കാര്‍ഡുകള്‍ നശിപ്പിച്ചുകളഞ്ഞതായും അന്വേഷണസംഘം സംശയിക്കുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പ്രതികളായ റെഹാനും ഫൂല്‍ സിംഗും നേരത്തേ അമൃത്സറില്‍ ഒരു വ്യവസായിക്കെതിരെ നടന്ന ആക്രമണത്തില്‍ പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആ സംഭവത്തിലെ ഇവരുടെ പങ്ക്, ആയുധങ്ങളുടെ ഉറവിടം, വിദേശത്തുനിന്ന് നിര്‍ദേശങ്ങള്‍ നല്‍കിയതായി സംശയിക്കുന്ന വ്യക്തിയുടെ പങ്കാളിത്തം എന്നിവയില്‍ അന്വേഷണം തുടരുകയാണ്.