വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: കെഎസ് യു പ്രവര്‍ത്തകര്‍ മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ മന്ത്രിക്കെതിരെ നിര്‍ണായക മൊഴിയുമായി ഗണ്‍മാന്‍ അഭിലാഷ്. സമരക്കാര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി വീണാ ജോര്‍ജ് പറഞ്ഞിട്ടാണ് നല്‍കിയതെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നല്‍കിയതായാണ് വിവരം. കെഎസ് യു പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്. ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയത്.

എന്നാല്‍, ആക്രമണത്തിന് ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന ആയുധം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. മന്ത്രിയുടെ ഗണ്‍മാന്റെ പരാതിയിലായിരുന്നു കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഫെബ്രുവരി 25നാണ് വീണാ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു എഫ്ഐആറിലെ ആരോപണം. സംഭവത്തില്‍ കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ച റിമാന്‍ഡില്‍ പാര്‍പ്പിച്ചിരുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിക്ക് സുരക്ഷയൊരുക്കിയ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ അഖില്‍ എന്നിവരും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നായിരുന്നു മൊഴി നല്‍കിയത്.

Share