ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന്റെ കാറിനു നേരെയുണ്ടായ വെടിവെപ്പ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ ക്രൈംബ്രാഞ്ച്. ടൈഗര്‍ ഷ്രോഫായിരുന്നില്ല അക്രമികളുടെ യഥാര്‍ഥ ലക്ഷ്യമെന്നും, നടന്‍ സല്‍മാന്‍ ഖാനെ ആക്രമിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ടൈഗറിനെ ലക്ഷ്യമിട്ടതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സല്‍മാന്‍ ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ആക്രമണം നടത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് അക്രമികള്‍ ലക്ഷ്യം മാറ്റിയതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ടൈഗര്‍ ഷ്രോഫിനെ ആക്രമിക്കുന്നത് താരതമ്യേന എളുപ്പമാകുമെന്ന് കരുതിയാണ് അദ്ദേഹത്തിന്റെ കാറിനു നേരെ വെടിയുതിര്‍ത്തതെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പിടിയിലായ മൂന്ന് പ്രതികള്‍ക്ക് കോടതി ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചു. മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോകും. സുരക്ഷാ കാരണങ്ങളാല്‍ പ്രതികളെ കോട്ടയിലെ റെയില്‍വേ കോളനി പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മുംബൈയിലെ ജുഹുവിലുള്ള ഫുട്‌ബോള്‍ ക്ലബ്ബിന് പുറത്തുവെച്ച് ടൈഗര്‍ ഷ്രോഫിന്റെ കാറിനു നേരെ വെടിവെപ്പുണ്ടായത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ആക്രമണത്തില്‍ താരം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും ആംസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണത്തിന്റെ ആസൂത്രണവും പിന്നിലെ ലക്ഷ്യവും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Share