ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

വിജയപുര: പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതവും ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുമുള്ള കുടുംബം. ഏഴ് മാസം മുമ്പ് പണിത പുതിയ വീട്. എന്നാല്‍ വീടിന്റെ പെയിന്റിങ് ജോലിക്കായി എത്തിയ യുവാവുമായി ഭാര്യ അടുപ്പത്തിലായതോടെ കുടുംബജീവിതം കൊലപാതകത്തില്‍ അവസാനിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കര്‍ണാടകയിലെ വിജയപുരയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസില്‍ ഭാര്യയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുരയിലെ ഏകതാ നഗറില്‍ താമസിച്ചിരുന്ന രാജശേഖര്‍ (42) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അശ്വിനി (30), പെയിന്റിങ് ജോലിക്കാരനായ ആനന്ദ് റൗത്തപ്പ കല്ലൂര്‍ (25), സച്ചിന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു യുവാവ് എന്നിവരാണ് കേസിലെ പ്രതികള്‍.

ഒക്ടോബര്‍ നാലിനാണ് രാജശേഖര്‍ വാഹനമിടിച്ച് മരിച്ചത്. പുലര്‍ച്ചെ അഞ്ചിനും അഞ്ചരയ്‌ക്കുമിടയില്‍ പതിവുപോലെ പ്രഭാതസവാരിക്കിറങ്ങിയ ഭര്‍ത്താവിനെ തിരിച്ചറിയാത്ത വാഹനം ഇടിച്ചുവീഴ്‌ത്തിയെന്നായിരുന്നു അശ്വിനി പൊലീസിന് നല്‍കിയ മൊഴി. ആദ്യഘട്ടത്തില്‍ സാധാരണ റോഡപകടമായാണ് പൊലീസ് സംഭവത്തെ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ അശ്രദ്ധമായ വാഹനമോടിക്കലും അശ്രദ്ധമൂലമുള്ള മരണവും സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം വിജയപുര ട്രാഫിക് പൊലീസ് കേസെടുത്തു. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളില്‍ സംശയം തോന്നിയതോടെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയായിരുന്നു.

അശ്വിനിയെയും ആനന്ദിനെയും ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതകള്‍ പുറത്തുവന്നതെന്ന് വിജയപുര എസ്.പി. ലക്ഷ്മണ്‍ നിംബര്‍ഗി പറഞ്ഞു. ഏകദേശം ഏഴ് മാസം മുമ്പാണ് രാജശേഖറും അശ്വിനിയും പുതിയ വീട് നിര്‍മിച്ചത്. വീടിന്റെ പെയിന്റിങ് ജോലികള്‍ ഏറ്റെടുത്ത ആനന്ദ് പിന്നീട് അശ്വിനിയുമായി അടുപ്പത്തിലായെന്നും അത് പ്രണയബന്ധമായി മാറിയെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രാജശേഖറിനെ കൊലപ്പെടുത്തിയ ശേഷം സംഭവം അപകടമായി തോന്നിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി ഭര്‍ത്താവിന്റെ ദിനചര്യയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അശ്വിനി ആനന്ദിന് കൈമാറിയിരുന്നു. സംഭവദിവസം രാജശേഖര്‍ പ്രഭാതനടത്തത്തിനായി വീട്ടില്‍നിന്ന് ഇറങ്ങിയ വിവരവും അശ്വിനി ആനന്ദിനെ അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

രാജശേഖര്‍ വീട്ടില്‍നിന്ന് ഇറങ്ങിയതിനു പിന്നാലെ ആനന്ദ് ബൈക്കില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് സച്ചിനെയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളിയെയും വിവരമറിയിച്ചു. രാജശേഖര്‍ വിജയപുരയിലെ ജുമനാല്‍ റോഡിലുള്ള കാര്‍ ഷോറൂമിന് സമീപമെത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കറുത്ത എസ്യുവിയില്‍ എത്തിയ സച്ചിനും കൂട്ടാളിയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്‌ത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇടിയുടെ ആഘാതത്തില്‍ രാജശേഖര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു. സംഭവം റോഡപകടമായി അവതരിപ്പിക്കാനുള്ള ശ്രമം അന്വേഷണത്തിലൂടെ പൊളിച്ചടുക്കിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. അശ്വിനി, ആനന്ദ്, സച്ചിന്‍, പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

Share