എറണാകുളം: സംസ്ഥാനത്ത് വിൽക്കുന്ന വിവിധ കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മനുഷ്യശരീരത്തിന് ഹാനികരമായ വിഷാംശം കണ്ടെത്തി. എറണാകുളം കാക്കനാട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. എത്തിയോൺ, ഫെൻപ്രോപാത്രിൻ, ക്ലോർപൈരിഫോസ് തുടങ്ങിയ അപകടകാരികളായ കീടനാശിനികളുടെ സാന്നിധ്യമാണ് ഭക്ഷ്യവസ്തുക്കളിൽ കണ്ടെത്തിയത്.
2021 ജനുവരി മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിലാണ് വിഷാംശത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ ഏതൊക്കെ ബ്രാൻഡുകളിലാണ് വിഷാംശം കണ്ടെത്തിയതെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലും ബ്രാൻഡുകളുടെ പേരുകൾ വെളിപ്പെടുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറായില്ല.
സാധാരണക്കാർ നിത്യോപയോഗത്തിനായി ആശ്രയിക്കുന്ന ഭക്ഷ്യവസ്തുക്കളിലാണ് അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വസ്തുക്കളുടെ ദീർഘകാല ഉപയോഗം ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
നേരത്തെ വിവരാവകാശ രേഖയിലൂടെ സമാനമായ പരിശോധനാഫലങ്ങൾ തേടിയപ്പോൾ ബ്രാൻഡുകളുടെ വിവരങ്ങൾ ലഭ്യമായിരുന്നു. ഏത് ബ്രാൻഡുകളിലാണ് വിഷാംശമുള്ളതെന്ന് വ്യക്തമാക്കാത്തത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. അപകടകരമായ ഉൽപന്നങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗം ഒഴിവാക്കാൻ ജനങ്ങൾക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
ഇതിനിടെ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധനാ ഫീസും കുത്തനെ ഉയർന്നിട്ടുണ്ട്. നേരത്തെ ഒരു രൂപയായിരുന്ന പരിശോധനാ ഫീസ് ഇപ്പോൾ 10,000 മുതൽ 15,000 രൂപ വരെയായി വർധിച്ചു. ഇതോടെ സാധാരണക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷ്യവസ്തുക്കളിലെ വിഷാംശം പരിശോധിക്കാനുള്ള അവസരവും പരിമിതമായിരിക്കുകയാണ്.
വിഷാംശം കണ്ടെത്തിയ ഉൽപന്നങ്ങളുടെ ബ്രാൻഡ് വിവരങ്ങൾ പുറത്തുവിടണമെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.