ആത്മകഥയിൽ വീർ സവർക്കറെ തെറ്റായി ചിത്രീകരിച്ചതിന് സോണിയക്കെതിരെ വക്കീൽ നോട്ടീസ്; നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യം

Published by
ജനം വെബ്‌ഡെസ്ക്

പുണെ: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകത്തിൽ സ്വാതന്ത്ര്യ സമരസേനാനി വി.ഡി. സവർക്കറെ തെറ്റായും വസ്തുതാവിരുദ്ധമായും ചിത്രീകരിച്ചതിന് വക്കീൽ നോട്ടീസ് അയച്ചു. സവർക്കറുടെ കൊച്ചുമകൻ (grandnephew) സാത്യകി സവർക്കർക്ക് വേണ്ടി അഭിഭാഷകൻ സംഗ്രാം കോൽഹത്കർ വഴിയാണ് നോട്ടീസ് അയച്ചത്. മാപ്പുപറയുകയും വിവാദ പരാമർശങ്ങൾ തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.

പുസ്തകത്തിന്റെ 201, 443 പേജുകളിലെ പരാമർശങ്ങളാണ് വക്കീൽ നോട്ടീസിന് ആധാരം. ഈ ഭാഗങ്ങളിലെ വിവരങ്ങൾ വസ്തുതാപരമായി തെറ്റാണെന്നും ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. വീർ സവർക്കറുടെ പ്രശസ്തിക്കും പൈതൃകത്തിനും കളങ്കമുണ്ടാക്കുന്നതാണ് ഈ പരാമർശങ്ങളെന്നും സാത്യകി സാവർക്കർ ആരോപിക്കുന്നു.

നോട്ടീസിലെ പ്രധാന ആരോപണങ്ങളും ആവശ്യങ്ങളും:

ബ്രിട്ടീഷ് സഹകരണ പരാമർശം: ബ്രിട്ടീഷ് കൊളോണിയൽ അധികാരികളുമായി സഹകരിക്കുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്തവരുടെ പശ്ചാത്തലത്തിൽ 201-ാം പേജിൽ സാവർക്കറെ പരാമർശിച്ചിരിക്കുന്നത് തെറ്റാണെന്നും, ഇത് സാവർക്കറുടെ സ്വാതന്ത്ര്യ സമര പങ്കാളിത്തത്തെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു.

ആശയപരമായ വളച്ചൊടിക്കൽ: 443-ാം പേജിൽ സാവർക്കറുടെ കാഴ്ചപ്പാടിനെ “ഹിന്ദുക്കൾ ശ്രേഷ്ഠരാണ്” എന്ന നിലയിൽ ചുരുക്കിക്കാണിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ-ആശയപരമായ നിലപാടുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് നോട്ടീസ് കുറ്റപ്പെടുത്തുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്ത് സവർക്കറുടെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയതും, സവർക്കർ സ്മാരകത്തിലേക്ക് അവർ 11,000 രൂപ സംഭാവന നൽകിയതും, 1983-ൽ ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററി നിർമ്മിച്ചതുമെല്ലാം നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔദ്യോഗിക രേഖകളുമായും മുൻകാല നടപടികളുമായും പുസ്തകത്തിലെ പരാമർശങ്ങൾ എങ്ങനെ ഒത്തുപോകുമെന്ന് വ്യക്തമാക്കാനും നോട്ടീസിൽ ആവശ്യപ്പെടുന്നു.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം രേഖാമൂലമുള്ള മാപ്പുപറച്ചിലും വ്യക്തതയും നൽകണം. ഹാർപ്പർ കോളിൻസ് പബ്ലിഷേഴ്സ് ഇന്ത്യയുമായി ചേർന്ന് പുസ്തകത്തിന്റെ തുടർ പതിപ്പുകളിൽ നിന്നും ഇലക്ട്രോണിക് പതിപ്പുകളിൽ നിന്നും വിവാദ ഭാഗങ്ങൾ തിരുത്തുകയോ നീക്കം ചെയ്യുകയോ വേണം. നിശ്ചിത സമയത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ പുണെ ജില്ലാ കോടതിയിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നവംബർ പകുതിയോടെ പ്രകാശനം ചെയ്ത സോണിയായുടെ ആത്മകഥയിലെ ഈ തെറ്റായ പരാമർശങ്ങൾ ഇതിനകം തന്നെ രാഷ്‌ട്രീയ-ചരിത്ര തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Share