ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. മരിച്ച മലയാളിയുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽപ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ബസിന് പിന്നിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
മരിച്ച 13 പേരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഫിലിപ്പീൻസ്, ശ്രീലങ്ക സ്വദേശികളും മരിച്ചവരിലുണ്ട്. ഒമാനിൽ വിസ മാറ്റുന്നതിനായി പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാസംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.