ന്യൂഡൽഹി: തിരുപ്പറൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കുന്നത് തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം തടഞ്ഞത് ഹിന്ദു വിശ്വാസത്തോടും ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള കടുത്ത അനാദരവാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര അധ്യക്ഷൻ അലോക് കുമാർ ആരോപിച്ചു.
കോടിക്കണക്കിന് മുരുകഭക്തരുടെ വിശ്വാസത്തോടുള്ള വെല്ലുവിളിയാണിത്. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും കോടതി ഉത്തരവിനെ അവഗണിക്കുകയും ചെയ്ത നടപടിക്ക് ഹിന്ദു സമൂഹം ജനാധിപത്യപരമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലംഘിച്ചവർക്കെതിരെ സുപ്രീംകോടതി അടിയന്തര നടപടി സ്വീകരിച്ച് കർശന ശിക്ഷ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അലോക് കുമാർ വ്യക്തമാക്കി.
ഭഗവാൻ മുരുകന്റെ പുണ്യഭൂമിയാണ് തമിഴ്നാട്. തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രതീകമായി മുരുകനെ ആരാധിക്കുന്നു. അത്തരമൊരു പുണ്യസ്ഥലത്ത് കാർത്തിക പൗർണമി മഹാദീപം തെളിയിക്കുന്നത് തടയാനുള്ള നീക്കം ദൗർഭാഗ്യകരവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുപ്പറൻകുണ്ഡ്രത്തിന്റെ പവിത്രതയും സ്വത്വവും മാറ്റാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഹിന്ദുക്കളെ കൊന്നൊടുക്കിയവരുമായും ജിഹാദി ഘടകങ്ങളുമായും ഈ പുണ്യസ്ഥലത്തെ ബന്ധപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും അലോക് കുമാർ വ്യക്തമാക്കി. മുരുകഭക്തരുമായി നേരിട്ട് ഏറ്റുമുട്ടുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹൈക്കോടതി വിധിക്ക് പിന്നാലെ സുപ്രീംകോടതി ഉത്തരവും അവഗണിച്ചത് നീതിന്യായ വ്യവസ്ഥയുടെ അധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ കോടതി ഉത്തരവുകൾ തള്ളിക്കളയാൻ ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനും അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു വിരുദ്ധ രാഷ്ട്രീയവും അത്തരം ചിന്താഗതികളും രാജ്യത്തെ രാഷ്ട്രീയത്തിൽ നിന്ന് അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും ഇത്തരം രാഷ്ട്രീയം ഉടൻ തുടച്ചുനീക്കപ്പെടുമെന്നും അലോക് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.