ലണ്ടന്‍: ടെന്നീസിലും വാതുവെയ്പ് ആരോപണം. വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ താരങ്ങള്‍ ഒത്തുകളി നടത്തിയതായി സൂചന നല്കുന്ന വാര്‍ത്ത ബിബിസിയാണ് പുറത്തുവിട്ടത്. 2008 ല്‍ ഇത് സംബന്ധിച്ച് നടന്ന അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ബിബിസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലോകറാങ്കിംഗില്‍ ആദ്യ 50 നുളളില്‍ ഇടംപിടിച്ച പതിനാറ് താരങ്ങള്‍ ഉള്‍പ്പെടെയാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. കലണ്ടര്‍ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിച്ച വേളയിലാണ് ടെന്നീസ് ലോകത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. 2007 ല്‍ അന്താരാഷ്ട്ര ഭരണസമിതിയായ അസോസിയേഷന് ഓഫ് ടെന്നിസ് പ്രൊഫഷണല്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് വെളിപ്പെടുത്തല്‍.
2008 ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ 28 താരങ്ങള്‍ക്കെതിരേ തുടരന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഈ റിപ്പോര്‍ട്ട് അവഗണിച്ച് 2009 ല്‍ നിലവില്‍ വന്ന പുതിയ അഴിമതി വിരുദ്ധ നിയമത്തിന്റെ മറവില്‍ കളിക്കാര്‍ക്ക് തുടര്‍ന്നും കളിക്കാന്‍ അവസരം നല്‍കുകയായിരുന്നു. 2007 ലെ അന്വേഷണ സംഘത്തിലുണ്ടായിരുന്നവരുടെ വെളിപ്പെടുത്തല്‍ സഹിതമാണ് ടെന്നീസിലും ഒത്തുകളി നിലനില്‍ക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ എട്ട് കളിക്കാര്‍ ഇന്ന് ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2003 മുതല്‍ നിരീക്ഷണത്തിലുളള കളിക്കാര്‍ പോലും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ആരോപണ വിധേയരായ കളിക്കാരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കളിക്കാരുടെ ഫോണ്‍ രേഖകളോ ബാങ്ക് വിവരങ്ങളോ കംപ്യൂട്ടര്‍ രേഖകളോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇവരുടെ പങ്ക് സംശയാസ്പദമായി തെളിയിക്കാന്‍ സാധിക്കാത്തതിനാലാണ് പേര് പുറത്തുവിടേണ്ടെന്ന് തീരുമാനിച്ചത്.
2015 ല്‍ സംശയകരമായ അന്‍പത് മത്സരങ്ങള്‍ നടന്നതായി യൂറോപ്യന്‍ സ്പോര്‍ട്സ് സെക്യൂരിറ്റി അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. ഒത്തുകളി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്ന ടെന്നീസ് ഇന്റഗ്രിറ്റി യൂണിറ്റിന് ഇക്കാര്യത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയിരുന്നതായും ഇവര്‍ വ്യക്തമാക്കി.