കൊച്ചി: ഡാർക്ക് നെറ്റ് ലഹരിക്കടത്തിലൂടെ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു രണ്ട് വർഷത്തിനിടെ സമ്പാദിച്ചത് 10 കോടിയിലേറെ രൂപയെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ കണ്ടെത്തി. ഈ പണം ഉപയോഗിച്ചാണോ വീടിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതെന്നും എൻസിബി പരിശോധിക്കുന്നുണ്ട്.
രണ്ട് വർഷത്തിനിടെ 6,000 ത്തിലധികം ലഹരി ഇടപാടുകളാണ് ഇയാൾ നടത്തിയത്. കേസിൽ അറസ്റ്റിലായ അരുൺ തോമസിന് ഡാർക്ക് നെറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വിവിധ വിലാസങ്ങളിൽ എത്തിയ പാഴ്സൽ കൈപറ്റി ഇടപാടുകാർക്ക് അയച്ച് നൽകിയത് അരുൺ തോമസായിരുന്നു. എഡിസണിന്റെ സഹപാഠിയാണ് ഇയാൾ. എഡിസൺ ബാബു, അരുൺ തോമസ്, ഇടുക്കിയിലെ റിസോർട്ട് ഉടമ ഡിയോൾ, ഭാര്യ അഞ്ജു എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. നാലുപേരെയും തിങ്കളാഴ്ച എൻസിബി കസ്റ്റഡിയിൽ വാങ്ങും.
എഡിസൺ ബാബു, അരുൺ തോമസ്, ഡിയോൾ എന്നിവർ മൂവാറ്റുപുഴയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിൽ നിന്നും 2019 ലാണ് ബിടെക് പൂർത്തിയാക്കിയത്. സമർത്ഥനായ ഐടി വിദഗ്ധനാണ് എഡിസണെന്ന് എൻസിബി പറയുന്നു. വർഷങ്ങളോളം അമേരിക്കയിൽ ജോലി ചെയ്തിരുന്നു.
പാഞ്ചേലിമേടിലെ ഡിയോളിന്റെ റിസോർട്ടിൽ എത്തുന്ന ഇവരുടെ മറ്റ് സഹപാഠികളും എൻസിബിയുടെ നിരീക്ഷണത്തിലാണ്. എഡിസണിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ എൻസിബി പരിശോധിക്കുകയാണ്. കെറ്റാമലോൺ ഡാർക്ക് നെറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.