അഹമ്മദാബാദ് : പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈനയ്ക്ക് തക്ക മറുപടിയുമായി നിർമ്മല സീതാരാമൻ.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനം ഇന്ത്യക്ക് സ്വന്തമാണ്,നമ്മൾ അവിടെ പോകുക തന്നെ ചെയ്യും, അതിൽ മറ്റ് അഭിപ്രായങ്ങൾ വിലപ്പോകില്ല,രാജ്യം അത്തരത്തിലുള്ള അഭിപ്രായങ്ങളിൽ ആശങ്കപ്പെടുകയുമില്ല,നിർമ്മല സീതാരാമൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട്
ഗുജറാത്തിൽ എത്തിയ നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിയിലുള്ള സൈനിക പോസ്റ്റ് നവംബർ 5 നാണ് നിര്‍മ്മല സീതാരാമന് സന്ദര്‍ശിച്ചത്. പ്രതിരോധ സജ്ജീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് മന്ത്രി അൻജാവയിലെത്തിയത്.
എന്നാൽ ഈ സന്ദർശനത്തെ ചൈന എതിർത്തിരുന്നു. തര്‍ക്ക മേഖലയായ പ്രദേശത്തെ സമാധാനം നിലനിര്‍ത്താന്‍ ഇത് സഹായകരമാകില്ലെന്നാണ് ചൈന പ്രതികരിച്ചത്.