ഇന്ത്യയിൽ മൂന്ന് കോൺസുലേറ്റുകൾ കൂടി തുറക്കുമെന്ന് യുഎഇ

ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് പുതിയ കോൺസുലേറ്റുകൾ

ഇന്ത്യയിൽ മൂന്ന് കോൺസുലേറ്റുകൾ കൂടി തുറക്കുമെന്ന് യുഎഇ. ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് പുതുതായി കോൺസുലേറ്റുകൾ തുറക്കുക. നിലവിൽ ഡൽഹിയിൽ യുഎഇ എംബസ്സിയും തിരുവനന്തപുരത്തും മുംബയിലും കോൺസുലേറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ കൂട കോൺസുലേറ്റുകൾ തുറക്കാൻ തീരുമാനിച്ചത് രണ്ട് രാജ്യങ്ങളിലേയും പൗരൻമാരുടെ സൗകര്യാർത്ഥമാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ ‍അഹമ്മദ് അൽ ബന്ന അറിയിച്ചു. യുഎഇയിലേക്ക് പോകുന്നവരുടെ വിസ നടപടികൾ കൂടുതൽ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് നടപടി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിരുവനന്തപുരത്തെ കോൺസുലേറ്റ് തുറന്നത്. പുതിയ കോൺസുലേറ്റുകൾ നിലവിൽ വരുന്നതോടെ ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് നഗരങ്ങളിലും പരിസരങ്ങളിലും ഉള്ളവർക്ക് വീദൂര നഗരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും സാധിക്കുമെന്ന് അഹമ്മദ് അൽ ബന്ന പറഞ്ഞു.

കൂടാതെ, യുഎഇയിൽ എത്തുന്ന ഇന്ത്യക്കാർക്കും, ഇന്ത്യയിലെത്തുന്ന യുഎഇ പൗരൻമാർക്കും സേവനം നൽകാനായി പുതിയ മൊബൈൻ ആപ്ലിക്കേഷനും യുഎഇ എംബസ്സി തുടക്കം കുറിച്ചു. ഇന്ത്യയിലെത്തുന്ന യുഎഇ പൗരൻമാർക്ക് വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും യാത്രാ സൗകര്യങ്ങളും ഒരുക്കാൻ സഹായിക്കുന്നതിനു പുറമേ, പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രരേഖകൾ നഷ്ടമാകുന്നതുൾപ്പെടെയുള്ള അടിയന്തിരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങളും നൽകും.

യുഎഇ വിസയുടെ സാക്ഷ്യപ്പെടുത്തൽ സംബന്ധിച്ച വിവരങ്ങൾ ആപ്പിലൂടെ ഇന്ത്യക്കാർക്കും ലഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന്‍റെ തെളിവാണ് പുതിയ നീക്കത്തിലൂടെ വെളിവാകുന്നത്.

2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്നാണ് ബന്ധം കൂടുതൽ ദൃഢമായത്. മൂന്നുപതിറ്റാണ്ടിനുശേഷമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനമായിരുന്നു അത്. 28 ലക്ഷത്തിൽപ്പരം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്.

Close