എത്തിസലാത്ത് സേവനങ്ങൾക്ക് പുതുവർഷം മുതൽ ഉയർന്ന നിരക്ക്

ദുബായ്: യുഎഇ ടെലികോം കമ്പനിയായ എത്തിസലാത്തിന്‍റെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും പുതുവർഷം മുതൽ ഉയർന്ന നിരക്ക് നിലവിൽ വരും. ജനുവരി ഒന്നുമുതൽ യുഎഇയിൽ നിലവിൽ വരുന്ന വാറ്റിനെ തുടർന്നാണിത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള എത്തിസലാത്തിന്‍റെ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചുകഴിഞ്ഞു.

യു.എ.ഇയിൽ നിലവിൽവരുന്ന വാറ്റ്, ടെലികോം കമ്പനിയായ എത്തിസലാത്ത് സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. 5 ശതമാനം മൂല്യവർദ്ധിത നികുതി തങ്ങൾക്കും ബാധകമായിരിക്കുമെന്ന് ഇന്നാണ് എത്തിസലാത്തിന്‍റെ ഔദ്യോഗിക അറിയിപ്പ് വന്നത്.

ഉപഭോക്താക്കൾ നൽകേണ്ട സേവനനികുതിയാണ് വാറ്റ് എന്നും ഫെഡറൽ നിയമം അനുസരിച്ചാണ് പുതിയ തീരുമാനമെന്നും കമ്പനി അറിയിപ്പിൽ പറയുന്നു. ഫെഡറൽ നികുതി വകുപ്പിന്‍റെ കളക്ഷൻ ഏജന്‍റായി പ്രവർത്തിക്കുക മാത്രമാണ് ഇക്കാര്യത്തിൽ എത്തിസലാത്ത് ചെയ്യുന്നതെന്നും വക്താവ് വ്യക്തമാക്കി.

വാറ്റ് നിലവിൽ വരുന്നതോടെ, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെ പ്രതിമാസ ബില്ലുകളിൽ വാറ്റ് കൂടി ഉൾപ്പെടുത്തിയുള്ള തുകയായിരിക്കും രേഖപ്പെടുത്തുക. പ്രീപെയ്ഡ് ഉപയോക്താക്കളുടെ റീച്ചാർജ് നിരക്കിൽ മാറ്റം വരുത്തില്ലെങ്കിലും സേവനത്തിന്‍റെ ദൈ‍ർഘ്യം കുറയ്ക്കും.

വാറ്റ് ഏർപ്പെടുത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾക്കായി എത്തിസലാത്തിന്‍റെ തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണ്. നികുതി ഈടാക്കുന്ന കാര്യത്തിൽ പരമാവധി സുതാര്യത ഉറപ്പുവരുത്തുമെന്നും എത്തിസലാത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിസിനസ്സ് ഉപഭോക്താക്കൾ എത്രയും വേഗം വാറ്റ് രജിസ്ട്രേഷൻ നമ്പർ അറിയിക്കണമെന്നും എത്തിസലാത്ത് അറിയിച്ചിട്ടുണ്ട്.

Shares 226

Post Your Comments

Close