അടുത്ത രണ്ടു വർഷത്തിനുള്ളിൽ പതിനായിരം ജലവിമാനങ്ങൾ

ന്യൂഡൽഹി : അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് പതിനായിരം ജലവിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി. മൂന്നുമാസത്തിനുള്ളിൽ ഇതിന് വേണ്ട നിയമങ്ങൾ നടപ്പിൽ വരും. വെർസോവയിൽ നിർമ്മിക്കാൻ പോകുന്ന പാലത്തിന്റെ ഭൂമിപൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങൾ ജലഗതാഗതത്തിൽ പുതിയ പദ്ധതികൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മലിനീകരണം ഒഴിവാക്കിയുള്ള ഗതാഗത പദ്ധതികൾക്കാണ് മുൻഗണന കൊടുക്കേണ്ടത് . റോഡുമാർഗമുള്ള ഗതാഗതം കുറച്ചാലേ ഇത് സാദ്ധ്യമാകുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ ഇത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പെട്രോൾ , ഡീസൽ , എതനോൾ എന്നിവയുടെ ഉപഭോഗങ്ങൾ കുറച്ചു കൊണ്ടു വരണം. ഡൽഹി – മുംബൈ ഹൈവേ ഇലക്ട്രിക്ക് പാതയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയെപ്പോലെ മുംബൈയും താമസിയാതെ മലിനീകരണത്താൽ പ്രതിസന്ധി നേരിടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .ഇപ്പോൾ തന്നെ ശ്രദ്ധിച്ചാൽ മാത്രമേ ഇതൊഴിവാക്കാനാകൂ. ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസുകളുൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ സാദ്ധ്യമാക്കിയാലേ മലിനീകരണ തോത് കുറയ്ക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Post Your Comments

Close