തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ ജുഡിഷ്യല്‍ കമ്മിഷന് മുമ്പാകെ വെളിപ്പെടുത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണമായ വിധി ഉണ്ടാവുമെന്നായിരുന്നു ഇത് സംബന്ധിച്ച് കോടതിയുടെ നിരീക്ഷണം. പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും നിയമം ബാധകമാണ്. നീതിയും തുല്യമായിരിക്കണം. ഉപ്പു തിന്നവര്‍ ആരായാലും വെളളം കുടിക്കണമെന്നും കോടതി പറഞ്ഞു.
പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സോളാര്‍ പദ്ധതിക്കു വേണ്ടി മുഖ്യമന്ത്രിക്ക് 1.90 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും കൈക്കൂലി നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലാണ് പരാതിയ്ക്ക് ആധാരം.
ഹര്‍ജി പരിഗണിച്ച കോടതി പ്രാഥമിക നടപടികളിലേക്ക് പോലും കടക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
അതേസമയം ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതേക്കുറിച്ച് പ്രതികരിച്ചു. ആരോപണങ്ങള്‍കൊണ്ട് ആക്ഷേപിച്ച് പുറത്താക്കാനാവില്ല. തീരുമാനിക്കേണ്ടത് ജനകീയ കോടതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.