കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയതോടെ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തേക്കും.
കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കും പുറമേ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍.
മൂന്നാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ജയരാജനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ജയരാജന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിപിഎം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്‌ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് ചോദ്യം ചെയ്തത്. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന്‍ രക്ഷപെട്ടത് ജയരാജന്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. ഇത്തരത്തില്‍ ജയരാജനെതിരേ ശക്തമായ തെളിവുകളാണ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. അതുകൊണ്ടാണ് സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ജയരാജന്‍ ഒളിച്ചുകളിക്കുന്നതെന്നും വിമര്‍ശനമുണ്ട്.