കോഴിക്കോട്: ദേശീയ സ്‌കൂള്‍ മീറ്റില്‍ 10 സ്വര്‍ണം നേടി കേരളം കുതിപ്പ് തുടരുന്നു. രണ്ടാം ദിനം ആറ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹന്‍ ദേശീയ റെക്കോഡിനൊപ്പമെത്തി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ ഉത്തര്‍പ്രദേശിന്റെ രുദ്ര നാരായണ്‍ പാണ്ഡെയും, ശിവയാദവും ദേശീയ റെക്കോര്‍ഡ് മറിക്കടന്നു. മീറ്റില്‍ ഞായറാഴ്ച 23 ഫൈനലുകള്‍ നടക്കും.
ജൂനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഹരിയാനയുടെ പ്രശാന്ത് സിംഗ് കനിയ ആണ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ കേരളത്തിന് സ്വര്‍ണം ഒന്നും നേടാനായില്ല. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 3.30 മീറ്റര്‍ ചാടി റെക്കോഡ് നേടിയ കണ്ണൂരിന്റെ നിവ്യ ആന്റണിയുടെ പ്രകടനം ഇക്കുറി 3.10 മീറ്ററില്‍ ഒതുങ്ങി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഇടുക്കി സ്വദേശി ദിവ്യ മോഹന്‍ 3.20മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിനൊത്ത പ്രകടനത്തോടെ സ്വര്‍ണം നേടുകയും ചെയ്തു.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മഹാരാഷ്‌ട്രയുടെ മാനെ സ്പൂര്‍ത്തി കേരളത്തിന്റെ താരങ്ങളെ പിന്തള്ളി സ്വര്‍ണം നേടി. ഡിസ്‌കസ് ത്രോ സബ്ജൂനിയറില്‍ കേരളത്തിന് വേണ്ടി അതുല്യ സ്വര്‍ണം നേടിയപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഡല്‍ഹിയുടെ അഞ്ജല്‍ യാദവിനായിരുന്നു സ്വര്‍ണം. 32.29 മീറ്റര്‍ എറിഞ്ഞാണ് അതുല്യ കേരളത്തിന്റെ കുതിപ്പില്‍ പങ്കാളിയായത്. നാട്ടിക സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അതുല്യ രണ്ടാം ശ്രമത്തിലാണ് സ്വര്‍ണം നേടിയത്. പഞ്ചാബിന്രെ അമന്‍ദീപ് കൗറിനാണ് വെളളി. 40.41 മീറ്റര്‍ എറിഞ്ഞാണ് അഞ്ജല്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയത്. പശ്ചിമ ബംഗാളിന്റെ സുമേദ ഘോഷിനാണ് വെളളി. ഹരിയാനയ്‌ക്കാണ് ഈ ഇനത്തില്‍ വെങ്കലം.
400 മീറ്ററില്‍ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ കേരളത്തിന് രണ്ട് സ്വര്‍ണം മാത്രമാണ് ലഭിച്ചത്. ഒളിമ്പ്യന്‍ അബ്ദുറഹ് മാന്‍ സ്റ്റേഡിയത്തില്‍ ആറിനങ്ങളില്‍ നിന്ന് നാല് മെഡലുകള്‍ മാത്രമാണ് കേരളത്തിന് നേടാനായത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂവമ്പായ് എഎംഎച്ച്എസിലെ സ്‌നേഹ 59.2 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്ത് സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂവ്വമ്പായ് സ്‌കൂളിലെ ഷഹര്‍ബാന സിദ്ദിഖും സ്വര്‍ണം നേടി.