തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍. ഫേസ് ബുക്കിലൂടെയാണ് ടി.പി ശ്രീനിവാസന്‍ ആരോപണം നിഷേധിച്ചത്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിക്കുമ്പോഴും അതീവ ശാന്തനായാണ് പ്രതികരിച്ചതെന്നും വിഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കും ഇത് മനസിലാകുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. താന്‍ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന മോശം വാക്കുകള്‍ തന്റെ ഭാഷാശൈലിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ ലോകമെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിരാശ പൂണ്ടാണ് എസ്.എഫ്.ഐ ഇത്തരം പ്രചാര വേലകളുമായി രംഗത്ത് വരുന്നതെന്നും ടി.പി. ശ്രീനിവാസന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവളത്ത്് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു ടി.പി ശ്രീനിവാസന്‍ അക്രമിക്കപ്പെട്ടത്. സമ്മേളനത്തിനെതിരേ പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐക്കാര്‍ ടി.പി ശ്രീനിവാസന്‍ എത്തിയപ്പോള്‍ തടയുകയായിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹം തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോഴായിരുന്നു പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശരത് അദ്ദേഹത്തെ പിന്നില്‍ നിന്ന് കരണത്തടിച്ചത്. ശക്തമായ അടികൊണ്ട് അദ്ദേഹം താഴെ വീഴുകയും ചെയ്തു. സംഭവത്തില്‍ എസ്എഫ്‌ഐയ്‌ക്കും സിപിഎമ്മിനുമെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിപിഎം നേതാക്കള്‍ പരസ്യമായ ഖേദപ്രകടനം പോലും നടത്തുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു. പാര്‍ട്ടിക്ക് മൊത്തമായി നാണക്കേടുണ്ടായ സാഹചര്യത്തിലാണ് ടി.പി ശ്രീനിവാസന്‍ മോശം പരാമര്‍ശം നടത്തിയെന്നും അതിന്റെ പേരിലാണ് തല്ലിയതെന്നുമുളള വാദം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ത്തിവിട്ടത്.