ജയ്പൂര്‍: രാജസ്ഥാനിലെ പൊഖ്റാനില്‍ നിന്നും പാക് ചാരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. പൊഖ്റാനില്‍ പോസ്റ്റല്‍ ജീവനക്കാരനായ നരേന്ദ്ര സിംഗ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പാക് ചാരസംഘടനയായ ഐ എസ് ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കുറെ നാളായി ഇയാള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ചാരപ്രവര്‍ത്തനം നടത്തിയതിന് ഐ എസ് ഐയില്‍ നിന്നും ഇയാള്‍ സാമ്പത്തിക സഹായം കൈപ്പറ്റിയതായും സൂചനയുണ്ട്. ഇയാളെ ഇന്റലിജന്‍സും മിലിട്ടറി ഇന്റലിജന്‍സും ചോദ്യം ചെയ്തു വരികയാണ്.
ഐഎസ്ഐ ചാരനായി പ്രവര്‍ത്തിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പൊഖ്റാനില്‍ നിന്നും മുന്‍ സൈനികോദ്യോഗസ്ഥനെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ഒന്നാണ് പൊഖ്റാന്‍.