കോഴിക്കോട്: ഇന്ന് കോഴിക്കോട് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ നഗരത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 11.50 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് സ്വീകരിക്കും. കോഴിക്കോട് സ്വപ്നനഗരിയില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്.
കേന്ദ്രമന്ത്രി ശ്രീപദ് നായ്ക്കും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തില്‍
ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും ഇന്ന് നഗരം. കരിപ്പൂര്‍ വിമാനത്താവളവും കനത്ത സുരക്ഷാ വലയത്തിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള എസ്.പി.ജി. വിഭാഗത്തിനാണ് സുരക്ഷാ ചുമതല. കോഴിക്കോട് നഗരത്തില്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനു പുറമേ നാല് എസ്.പിമാരുള്‍പ്പെടെ 1314 പൊലീസ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.50ന് പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.