ഏതന്‍സ്: എയ്ഗന്‍ കടലില്‍ രണ്ടിടത്തായി അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 33 പേര് മരിച്ചു. തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് കടക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. ബാലികേസിര്‍ ഭാഗത്തുണ്ടായ അപകടത്തില്‍ 22 പേരും ഇസ്മീര്‍ പ്രവിശ്യയിലുണ്ടായ ദുരന്തത്തില്‍ 11 പേരുമാണ് മരിച്ചത്.
തുര്‍ക്കിയില്‍ നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ ഈ വര്‍ഷം 374 അഭയാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ കുടിയേറ്റം തടയുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടന്ന് കൈക്കൊള്ളുമെന്ന് തുര്‍ക്കി സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ഗ്രീസിനടുത്ത് കടലില്‍ 45 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചിരുന്നു.