അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ശ്രീലങ്കയെ 97 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് എടുത്തു. 72 റൺസെടുത്ത് ടോപ് സ്കോററായ അൻമോൽപ്രീത് സിംഗിന്‍റെ മികച്ച പ്രകടനം ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. സർഫ്രാസ് ഖാൻ 59ഉം, സുന്ദർ 43ഉം റെൺസെടുത്തു. ശ്രീലങ്കയ്‌ക്കുവേണ്ടി ഫെർണാണ്ടോ നാലും, ലാഹിരു കുമാരയും തിലൻ നിമേഷും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നാൽപ്പത്തിമൂന്നാം ഓവറിൽ 170 റൺസിന് എല്ലാവരും പുറത്തായി. 39 റൺസെടുത്ത കാമിന്ദു മെൻഡിസാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്‌ക്കുവേണ്ടി മായങ്ക് ഡാഗർ മൂന്നും, ആവേശ് ഖാൻ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കളിക്കാനിറങ്ങുന്നത്. 2000, 2008, 2012 വർഷങ്ങളിൽ ഇന്ത്യ ലോകചാമ്പ്യൻമാരായിരുന്നു. 11ന് ബംഗ്ലാദേശ്-വെസ്റ്റിൻഡീസ് സെമി പോരാട്ടത്തിലെ ജേതാക്കളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.