ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച വിവാദ പരിപാടിയായ അഫ്സല് ഗുരു അനുസ്മരണത്തിന് നേതൃത്വം നല്കിയവരില് സിപിഐ നേതാവ് ഡി. രാജയുടെ മകളും. ബിജെപി എംപി മഹേഷ് ഗിരിയാണ് ഡി. രാജയുടെ മകള്‍ അപരാജിത പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതം തെളിവുമായി എത്തിയത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മഹേഷ് ഗിരി ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നതിന് പുറമേ പരിപാടി നടത്തിയവര്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധത്തെയും അപരാജിത ദൃശങ്ങളില്‍ ചോദ്യം ചെയ്യുന്നു. ജെഎന്‍യുവിലെ രാജ്യവിരുദ്ധ പരിപാടിയെ അപലപിച്ച നേതാക്കളില്‍ ഒരാളായിരുന്നു ഡി. രാജ. എന്നാല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയത് മകളാണെന്ന വിവരം പുറത്തുവന്നതോടെ ഡി. രാജ പ്രതിരോധത്തിലായിരിക്കുകയാണ്.
തന്റെയും മകളുടെയും രാജ്യസ്നേഹം ചോദ്യം ചെയ്യാന്‍ ആരും മുതിരേണ്ടെന്നായിരുന്നു മാദ്ധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ഇതേക്കുറിച്ച് ഡി. രാജയുടെ പ്രതികരണം. സംഭവത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ എട്ട് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ കൂട്ടത്തില്‍ അപരാജിത ഇല്ല. എബിവിപി അടക്കമുള്ള സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വ്വകലാശാല അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ബന്ധിതമായത്.
സംഭവത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. പൊലീസ് നടപടി ഭയന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ പലരും അപ്രത്യക്ഷമായതായും വിവരമുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ചാണ് ജെഎന്‍യുവില്‍ പരിപാടി നടന്നത്. സര്‍വ്വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിട്ടും പരിപാടിയുമായി ഒരു സംഘം മുന്നോട്ടുപോകുകയായിരുന്നു. പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ രംഗത്ത് വരികയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു.