ഡൽഹി : സൗത്താഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 337 റൺസിന്റെ തകർപ്പൻ വിജയം. 481 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 143 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയ അജിങ്ക്യാ രഹാനെയാണ് കളിയിലെ കേമൻ. ഇതോടെ നാലു ടെസ്റ്‍റുകളുടെ പരന്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.
ഫിറോസ് ഷാ കോട്‍ലയിൽ പ്രോട്ടീസ് ഉയർത്തിയ പ്രതിരോധക്കോട്ട ടീം ഇന്ത്യ തകർത്തു. റൺവേട്ട ഉപേക്ഷിച്ച് സമനിലയ്‌ക്കായി ചെറുത്തു നിന്ന ദക്ഷിണാഫ്രിക്കൻ നിരയുടെ പോരാട്ടം ഫലം കണ്ടില്ല. പേസിനെയും സ്പിന്നിനെയും ഒരുപോലെ പിന്തുണച്ച പിച്ചിൽ ആർ. അശ്വിനും ഉമേഷ് യാദവും ചേർന്നാണ് ഇന്ത്യയ്‌ക്ക് ജയം ഒരുക്കിയത്. അശ്വിൻ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി.
43 റൺസ് എടുത്ത എ.ബി. ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. ബാവുമ 34 ഉം, നായകൻ ഹാഷിം ആംല 25 ഉം റൺസ് എടുത്തു. 143 ഓവറുകളാണ് പ്രോട്ടീസ് ബാറ്റിംഗ് നിര ചെറുത്തുനിന്നത്. സ്പിന്നർമാർ വിധി നിർണയിച്ച ടെസ്റ്റ് യിൽ 31 വിക്കറ്റുകളെടുത്ത ആർ. അശ്വിനാണ് പരമ്പരയുടെ താരം. 23 വിക്കറ്റുമായി രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ച് വരവ് ഗംഭീരമാക്കി. ടെസ്റ്റ് പരമ്പര നേട്ടത്തിനൊപ്പം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്താനും ടീം ഇന്ത്യക്കായി.