സ്പാനിഷ് ലീഗിൽ പുതുചരിത്രം രചിച്ച് കാൽപന്തുകളിയുടെ രാജകുമാരൻ. ലീഗിൽ 300 ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് ലയണൽ മെസി കാൽക്കീഴിലാക്കിയത്. സ്പോർട്ടിംഗിനെതിരായ മത്സരത്തിൽ 3-1 ന് വിജയിച്ച ബാഴ്സിലോണ ലീഗിൽ കുതിപ്പ് തുടരുകയാണ്.
കളിയുടെ 25 ആം മിനിറ്റിലെ ഗോൾ പതിച്ചത് സ്പോർട്ടിംഗിന്റെയല്ല. ലാലിഗയുടെ ചരിത്രവലയിലേയ്ക്കാണ്. ലീഗിൽ ഒരു താരത്തിന്റെ 300 ആം ഗോൾ. നേട്ടത്തിലെത്തുന്ന ആദ്യതാരം. 11 വർഷത്തിനിടെ 335 മത്സരത്തിൽ നിന്നാണ് ലിയോണൽ മെസിയെന്ന ഫുട്ബോൾ മാന്ത്രികന്റെ അതുല്യ നേട്ടം.കഴിഞ്ഞ മത്സരത്തിൽ ലഭിച്ച പെനാൽറ്റി നേരിട്ട് ഗോളാക്കാതെ സുവാരസിന് കൈമാറിയതിനാൽ ചരിത്ര നേട്ടത്തിന് ബാഴ്സലോണ താരത്തിന് ഒരു മത്സരം കൂടി പിന്നിടേണ്ടി വരികയായിരുന്നു. മെസിയുടെ ഗോളിന് രണ്ടു മിനിറ്റിനകം സ്പോർട്ടിംഗ് ബാഴ്സ വല ചലിപ്പിച്ചു. എന്നാൽ 31-ാം മിനിറ്റിൽ 301-ാം ഗോൾ നേടി മെസി ടീമിന്റെ ലീഡ് വർദ്ധിപ്പിച്ചു.
രണ്ടാം പകുതിയിൽ സുവാരസിന്റെ ഗോളിലൂടെ ബാഴ്സ വിജയം ഉറപ്പിച്ചു. ജയത്തോടെ ലീഗിൽ കുതിപ്പ് തുടരുന്ന ബാഴ്സക്ക് 24 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായി. 54 പോയിന്റോടെ അത് ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. 246 ഗോളാണ് സ്പാനിഷ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സമ്പാദ്യം.