EntertainmentMusic

എം.എസ് സുബ്ബലക്ഷ്മി; ഒളിമങ്ങാത്ത സ്വരമാധുരിയുടെ ഓര്‍മ്മയ്ക്ക് പതിനൊന്ന് വയസ്സ്

maxresdefault (3)
വെങ്കിടേശ്വര സുപ്രഭാതമെന്ന കീര്‍ത്തനത്തിലൂടെ ഭാരതീയരുടെ മനസ്സില്‍ സ്ഥാനം നേടിയ അഭൌമ സ്വരമാധുര്യമായിരുന്നു എം.എസ് സുബ്ബലക്ഷ്മി എന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി. വിടപറഞ്ഞു പോയിട്ട് പതിനൊന്നു വര്‍ഷം തികയുന്ന ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളില്‍ ഇതിഹാസ തുല്യമായ സ്ഥാനമാണ് മധുരയുടെ ഈ ‘സ്വരലക്ഷ്മി’യ്ക്കുള്ളത്.
സംഗീതജ്ഞയായിരുന്ന ഷണ്‍മുഖവടിവ് അമ്മാളിന്റേയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകളായി 1916 സെപ്തംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവിലാണ് എം.എസ് സുബ്ബലക്ഷ്മിയുടെ ജനനം. സംഗീതം ജീവവായുവായി കരുതിയ കുടുംബത്തില്‍ നിന്നു തന്നെയാണ് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങളും എം.എസ് പഠിച്ചെടുത്തത്. അമ്മയായിരുന്നു ആദ്യ ഗുരു. വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്ന പ്രശസ്ത സംഗീതജ്ഞരായ അരിയക്കുടി രാമാനുജ അയ്യങ്കാര്‍, കാരൈക്കുടി സാംബശിവ അയ്യര്‍, പൊന്നസ്വാമിപിള്ള എന്നിവരുടെ മുന്‍പിലായിരുന്നു ആദ്യ അരങ്ങുകളും‍. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതപഠനം ആരംഭിച്ചു. തൊട്ടടുത്ത വീടുകളിലെ പാട്ടുപെട്ടിയില്‍ നിന്നും ഉയരുന്ന ഹിന്ദുസ്ഥാനി സംഗീതവും സുബ്ബലക്ഷ്മിയുടെ സംഗീത സാധനയിലെ ബാലപാഠങ്ങളായി. ഹിന്ദുസ്ഥാനി സംഗീതത്തോട്‌ ആരാധന തോന്നിയ എം.എസ്, പണ്ഡിറ്റ്‌ നാരായണ റാവു വ്യാസില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും ഹൃദ്യസ്ഥമാക്കി.
പതിമൂന്നാം വയസ്സില്‍ അമ്മയുടെ വീണക്കച്ചേരികളില്‍ സഹായിയായാണ് എം.എസ് ആദ്യമായി സംഗീത സദസ്സുകളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മകളുടെ കഴിവിലും ശബ്ദസൗകുമാര്യത്തിലും വിശ്വസിച്ച അമ്മ മകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി ചെന്നൈയിലേക്ക് താമസം മാറി. തുടര്‍ന്ന് പതിനേഴാം വയസിൽ മദ്രാസ്‌ സംഗീത അക്കാദമിയില്‍ വച്ചു നടത്തിയ ആദ്യ കച്ചേരി സുബ്ബലക്ഷ്മിയുടെ സംഗീത യാത്രയിലെ മറക്കാനാവാത്ത ഒരേടായി മാറി. സദസ്സിന്‍റെ പിന്‍നിരയില്‍ കച്ചേരി കേള്‍ക്കുകയായിരുന്ന സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ മുന്‍നിരയില്‍ വന്നുനിന്ന് താളം തട്ടി പ്രോത്സാഹിപ്പിച്ച ആ കച്ചേരിയിലൂടെയായിരുന്നു എം.എസ്. സുബ്ബലക്ഷ്മിയെന്ന ഇതിഹാസ താരത്തിന്‍റെ ഉദയം. പിന്നീട് ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ മിക്ക ഭാഷകളിലെ സംഗീതക്കച്ചേരികളിലൂടെ അവര്‍ പൊതുരംഗത്ത് അറിയപ്പെട്ടു തുടങ്ങി.
1940-ല്‍ സ്വാതന്ത്ര്യസമരസേനാനിയും പുരോഗമനവാദിയുമായിരുന്ന ടി.സദാശിവവുമായുള്ള വിവാഹമാണ് സംഗീത ലോകത്ത് എം.എസ് എന്ന നക്ഷത്രത്തെ കൂടുതല്‍ ശോഭിപ്പിച്ചത്. സദാശിവവുമായുള്ള ബന്ധം എം.എസിന് ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളെ കണ്ടുമുട്ടുന്നതിനും അവസരമൊരുക്കി. ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങുവാണ എം.എസിന് പ്രശസ്തരുടെ അഭിനന്ദനങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. “ഈ സ്വരരാജ്ഞിക്കുമുമ്പിൽ ഞാനാര്‌ ?, വെറുമൊരു പ്രധാനമന്ത്രി”, എന്നാണ് എം. എസിന്‍റെ കച്ചേരി കേള്‍ക്കനിടയായ ജവര്‍ഹാര്‍ ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ്‌ ഗുലാം അലി ഖാൻ ‘സ്വരലക്ഷ്മി’ എന്നു വിശേഷിപ്പിച്ചപ്പോള്‍. ‘വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവര്‍ക്ക് നൽകുന്നു’ എന്നാണു സരോജിനി നായിഡു പറഞ്ഞത്.
1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെയാണ് സുബ്ബലക്ഷ്മി പൊതുവേദികളിലെ തന്‍റെ കച്ചേരികള്‍ അവസാനിപ്പിച്ചത്. ഭാരതരത്നം, പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നല്‍കി എം.എസിനെ രാജ്യം ആദരിച്ചു. 2004 ഡിസംബര്‍ 11-ന് ന്യുമോണിയ രോഗബാധയെ തുടര്‍ന്ന് 88-ആം വയസ്സിലാണ് എം.എസ് സുബ്ബലക്ഷ്മി എന്ന നാദം അനശ്വരതയില്‍ ലയിച്ചത്.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close